കൊല്ലത്ത് ബാധ ഒഴിപ്പിക്കാൻ യുവതിക്ക് ക്രൂരപീഡനം: ഭർത്താവും ഭർതൃമാതാവും നഗ്നപൂജ നടത്തിയെന്നും പരാതി

Friday 21 October 2022 3:48 PM IST

കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു മന്ത്രവാദവും പീഡനവും. പരാതിയെത്തുടർന്ന് ഭർതൃ മാതാവിനെ പാെലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ സ്വദേശിനിയാണ് പരാതിക്കാരി. നാഗൂർ, ചടയമംഗലം തുടങ്ങിയവിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഭർത്താവിന്റെ സഹോദരിയും പീഡിപ്പിക്കാൻ ഒത്താശ ചെയ്തുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.

2016 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭർത്താവിന്റെ വീട്ടിൽ സ്ഥിരമായി എത്തുന്ന രണ്ടുപേരായിരുന്നു മന്ത്രവാദികൾ എന്നും ഇവരാണ് ശരീരത്തിൽ ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും പറഞ്ഞത്. തുടർന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പലപ്പോഴും ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും തന്നെപ്പോലെ മറ്റുചില യുവതികളെയും ഇവർ സമാനരീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. പൂജയ്ക്ക് നഗ്നയായി ഇരിക്കാൻ വിസമ്മതിച്ചപ്പോൾ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവത്രേ.

ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടാകുന്ന കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ മന്ത്രവാദത്തിന്റെ ഭാഗമാണിതെന്നും കാര്യമാക്കേണ്ടെന്നുമായിരുന്നു മറുപടി. ഹണിമൂൺ ട്രിപ്പെന്നുപറഞ്ഞ് ബംഗളൂരുവിൽ കൊണ്ടുപോയി അഞ്ചുദിവസം തുടർച്ചയായി പീഡിപ്പിച്ചെന്നാണ് യുവതി പറഞ്ഞു. പീഡനം സഹിക്കാനാവാതെ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം യുവതി ഭർതൃവീട് ഉപേക്ഷിച്ചിരുന്നു.

പരാതിയുമായി ആദ്യഘട്ടത്തിൽ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് അനുകൂലമായ നടപടി സ്വീകരിച്ചില്ല. ഇപ്പോഴത്തെ സാഹചര്യമാണ് വീണ്ടും പരാതിപ്പെടാനുള്ള ധൈര്യം തനിക്കുണ്ടാക്കി തന്നതെന്നും യുവതി പറയുന്നുണ്ട്.