ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തി, ബുദ്ധ സന്യാസിനിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ചൈനീസ് യുവതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിനും ചാരവൃത്തി നടത്തിയെന്നതുമാണ് 'കായ് റുവോ' എന്ന യുവതിയ്ക്കെതിരെ പൊലീസ് ആരോപിക്കുന്ന കുറ്റങ്ങൾ. ബുദ്ധ അഭയാർത്ഥികൾ കൂട്ടമായി താമസിക്കുന്ന 'മജ്നു കാ തില' പ്രദേശത്ത് നിന്നുമാണ് ചൈനീസ് യുവതി പിടിയിലായത്. ഇവർ മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിൽ ഇവിടെ താമസിച്ച് വരികയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. യുവതി നേപ്പാൾ വഴിയാണ് ഇന്ത്യയിലേയ്ക്ക് കടന്നതെന്നാണ് വിവരം.
പൊലീസ് സംഘം കായ് റൂവോയുടെ പക്കൽ നിന്നും വ്യാജ തിരിച്ചറിയൽ രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. തിരിച്ചറിയൽ രേഖകളിൽ കാഠ്മണ്ഡു സ്വദേശിയായ ഡോൾമ ലാമ എന്നാണ് പറയുന്നതെങ്കിലും ചൈനയിലെ ഹൈനാൻ പ്രവിശ്യ സ്വദേശിനിയാണ് യുവതിയെന്ന് ഫോറിൻ രജിസ്ട്രേഷൻ ഓഫീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഫോറൻസ് രജിസ്ട്രേഷൻ ഓഫീസ് പങ്കുവെയ്ക്കുന്ന വിവരമനുസരിച്ച് കായ് റൂവോ 2019-ലാണ് ചൈനീസ് പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തിയത്. തുടർന്ന് ബുദ്ധ സന്യാസിയെ പോലെ തല മുണ്ഡനം ചെയ്ത് വേഷപ്രഛന്നയായി കഴിഞ്ഞിരുന്ന യുവതി സംശയാസ്പദമായ പ്രവർത്തനങ്ങൾ മൂലം ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നിരീക്ഷണത്തിലായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അവരിൽ നിന്നും പ്രാണരക്ഷാർഥമാണ് ഇന്ത്യലെത്തിയതും എന്നാണ് യുവതി നൽകിയ മൊഴി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ശക്തമായ അന്വേഷണം നടത്തുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ചൈനീസ് യുവതി താമസിച്ച് വന്ന മജ്നു കാ തിലയിൽ 1959 മുതൽ ടിബറ്റൻ അഭയാർത്ഥികൾക്ക് താമസിക്കാനായി ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.