ലഹരിമാഫിയകളുടെ കുടിപ്പക; തമിഴ്നാട് സ്വദേശിയെ വെട്ടി അരിഞ്ഞു കൊന്നു

Saturday 22 October 2022 1:59 AM IST

തിരുവനന്തപുരം: അന്തർ സംസ്ഥാന ലഹരിമാഫിയകൾ തമ്മിലുള്ള കുടിപ്പകയിൽ കന്യാകുമാരി സ്വദേശിയായ ലഹരിമാഫിയാത്തലവനെ തലസ്ഥാനത്തെ ലഹരിമാഫിയ തലവന്മാർ അതിക്രൂരമായി വെട്ടിയരിഞ്ഞ് കൊന്നു. കന്യാകുമാരി,ചിന്നമുട്ടം,ശിങ്കാരവേലൻ കോളനി സ്വദേശി പീറ്റർ കനിഷ്‌കറാണ് (26) കൊല്ലപ്പെട്ടത്.

സംഭവത്തിൽ മുട്ടത്തറ സ്വദേശികളായ മനുരമേശിനെയും ഇറച്ചിവെട്ടുകാരനായ ഷെഹിൻഷായെയും സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കൊലപാതകം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടത് പീറ്റർ കനിഷ്‌കനാണെന്ന് പ്രതികൾ വെളിപ്പെടുത്തിയെങ്കിലും ഡി.എൻ.എ പരിശോധനാഫലം വന്നശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്ന് കമ്മിഷണർ വ്യക്തമാക്കി.

തമിഴ്നാട്,കേരള അതിർത്തി കേന്ദ്രീകരിച്ച് ലഹരിമാഫിയയിലും ഗുണ്ടാ സംഘങ്ങളിലും ഉൾപ്പെട്ടവർ തമ്മിൽ മാസങ്ങളായി തുടർന്നുവന്ന അക്രമങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും തുടർച്ചയാണ് കൊലപാതകം. കൊല്ലപ്പെട്ട പീറ്റർ കനിഷ്‌കന്റെ വീടിന്റെ സമീപത്താണ് മനുരമേശിന്റെ അമ്മയുടെ വീട്. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നെങ്കിലും ലഹരികടത്തിലും ഗുണ്ടാപ്രവർത്തനത്തിലും സജീവമായതോടെ കുറച്ചുനാളുകളായി ഇരുവരും ബദ്ധശത്രുക്കളാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 14നാണ് മുട്ടത്തറ സീവേജ് പ്ളാന്റിന് സമീപം കിണറ്റിൽ നിന്ന് കാൽ വെട്ടിമാറ്റി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

അന്തർസംസ്ഥാന ബന്ധമുള്ള രണ്ട് ലഹരി മാഫിയ സംഘങ്ങളിലെ പ്രധാനികളായിരുന്നു കനിഷ്കനും മനുരമേശും. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവും എം.ഡി.എം.എയുമുൾപ്പെടെയുള്ള ലഹരിവസ്‌തുക്കളുടെ കടത്തും കച്ചവടവും സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ആഗസ്റ്റ്12 നാണ് കനിഷ്കനെ തന്ത്രപരമായി മുട്ടത്തറയിലേക്ക് വിളിച്ചുവരുത്തിയത്. മനുരമേശിന്റെ വീട്ടിലെത്തിയ കനിഷ്കനെ മർദ്ദിച്ച് അവശനാക്കിയശേഷം രണ്ട് കാലുകളും വെട്ടിമാറ്റിയ സംഘം തലയും ഉടലും അനേകം കഷണങ്ങളായി വെട്ടിനുറുക്കി. ഇറച്ചിവെട്ടുകാരനായ ഷെഹർഷായാണ് മൃഗങ്ങളെ വെട്ടിഅരിയുംപോലെ ശരീരം കഷണങ്ങളാക്കിയത്. കാലുകൾ രണ്ടും സീവേജ് പ്ളാന്റിന് സമീപം ഉപേക്ഷിച്ച ഇവർ ശേഷിക്കുന്ന ശരീരഭാഗങ്ങൾ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാത്തവിധം നുറുക്കി പ്ളാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് നഗരത്തിലെ വിജനസ്ഥലങ്ങളിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.

മനുവിന്റെയും ഷെഹിൻഷായുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ പെരുന്നെല്ലി കോളനിയിലേക്കുള്ള വഴിയുടെ സമീപത്തുനിന്ന് കനിഷ്‌കന്റേതെന്ന് കരുതുന്ന ശരീരത്തിന്റെ കുറച്ച് ഭാഗംകൂടി പൊലീസ് കണ്ടെത്തി. കാലിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ പൊലീസ് ഇന്നലെ കണ്ടെത്തിയ ശരീരഭാഗം കൂടി പോസ്റ്റുമോർട്ടം ചെയ്യാനായി ആശുപത്രി അധികൃതർക്ക് കത്ത് നൽകി. ശേഷിക്കുന്ന ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയശേഷം ഡി.എൻ.എ ഫലം വന്നാലുടൻ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement