ഹിമാചൽ തിരഞ്ഞെടുപ്പ്: കോൺ. രണ്ടാം പട്ടികയിൽ 17പേർ, 5 സീറ്റിൽ തർക്കം

Saturday 22 October 2022 1:42 AM IST

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 17 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തിറക്കി. തർക്കം തുടരുന്നതിനാൽ കിന്നൗർ,പോണ്ട സാഹിബ്,ഹമീർപൂർ,ജയ്സിംഗ്പൂർ,മണാലി എന്നീ സീറ്റുകളിൽ തീരുമാനമായില്ല. 46 പേരുടെ പട്ടിക കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് 25 ദിവസമായി ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഭർമൗർ (എസ്.ടി) അസംബ്ലി സീറ്റിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സുർജിത് സിംഗ് ഭർമൗരിയെ മറികടന്ന് മുതിർന്ന നേതാവ് താക്കൂർ സിംഗ് ഭർമൗരിക്ക് സീറ്റു നൽകി. ഇൻഡോറയിൽ (എസ്‌.സി) മലേന്ദർ രാജൻ,ഡെഹ്‌റയിൽ രാജേഷ് ശർമ്മ,സുലയിൽ ജഗദീഷ് സപേഹിയ,കാൻഗ്രയിൽ ബി.ജെ.പിയിൽ നിന്നു വന്ന സുരേന്ദർ സിംഗ് കാക്കു,ആനി (എസ്‌.സി) സീറ്റിൽ ബൻസി ലാൽ കൗശൽ,കർസോഗിൽ(എസ്‌.സി) മഹേഷ് രാജ്,നച്ചനിൽ(എസ്‌.സി) നരേഷ് കുമാർ തുടങ്ങിയ പുതുമുഖങ്ങൾക്ക് സീറ്റു നൽകി.


ഗാഗ്രറ്റിൽ അടുത്തിടെ ബി.ജെ.പി വിട്ട് വന്ന ചൈതന്യ ശർമ്മ,കുത്ലേഹാറിൽ ദേവേന്ദർ കുമാർ ഭൂട്ടോ,ബിലാസ്പൂരിൽ (സദർ) മുൻ എം.എൽ.എ ബംബർ ഠാക്കൂർ,നളഗഢിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ഹർദീപ് സിംഗ് ബാവ,ഷിംലയിൽ (അർബൻ) ഹരീഷ് ജനാർത്ഥ എന്നിവരാണ് സ്ഥാനാർത്ഥികൾ.

Advertisement
Advertisement