ഓപ്ഷൻ രജിസ്‌ട്രേഷന് മുമ്പ് വേണം ഗൃഹപാഠം

Saturday 22 October 2022 12:00 AM IST

നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയാണ്. ആദ്യ ഓപ്ഷൻ രജിസ്‌ട്രേഷൻ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കാണ് ആരംഭിക്കുന്നത്. അനുബന്ധ ആയുർവേദ, കാർഷിക, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ പിന്നീട് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇനിയും സംശയങ്ങളുണ്ട്. ഓപ്ഷൻ രജിസ്‌ട്രേഷൻ ഓൺലൈനായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ്. എല്ലാ മാർഗനിർദേശങ്ങളും വ്യക്തമായി മനസിലാക്കണം.താത്‌പര്യമുള്ള കോഴ്സ്, കോളേജുകൾ, ഫീസ് ഘടന, കോഴ്സിന്റേയും കോളേജിന്റെയും കോഡ് എന്നിവ മനസിലാക്കിയിരിക്കണം. മുൻവർഷങ്ങളിലെ അവസാന റാങ്കുകൾ വിലയിരുത്തി ഓപ്ഷൻ നൽകുന്നത് തീർത്തും പ്രയോഗികമായിരിക്കും. ഒരാൾക്ക് ലഭ്യമായ എത്ര ഓപ്ഷനും നൽകാം. മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് രണ്ടു ഓപ്ഷൻ അലോട്ടുമെന്റ് പ്രക്രിയ, മോപ്പ് അപ് റൌണ്ട്, സ്‌ട്രെയ് അലോട്ടുമെന്റ് എന്നിവയുണ്ടാകും. മൊത്തം 4500 ഓളം എം.ബി.ബി.എസ് സീറ്റുകളും 2400 ഓളം ബി.ഡി.എസ് സീറ്റുകളും കേരളത്തിലുണ്ട്

അപേക്ഷ അയയ്ക്കുമ്പോൾ തന്നെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകും. വെബ്‌സൈറ്റിൽ അപേക്ഷ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ക്യാൻഡിഡേറ്റ് പോർട്ടലിലെത്താം. കോഴ്സ്, സ്ഥാപന കോഡ് എന്നിവ മനസിലാക്കണം. ഓപ്ഷൻ നൽകും മുമ്പ് മുൻഗണനാക്രമം തീരുമാനിക്കണം. ഇത് എ ഫോർ ഷീറ്റിലോ, ഓപ്ഷൻ വർക്ക് ഷീറ്റിന്റെ പ്രിന്റൗട്ട് എടുത്തോ ചെയ്യാം. മുൻഗണനാക്രമം തീരുമാനിച്ചാൽ ഓപ്ഷൻ നൽകാം. ഓരോ തവണ ഓപ്ഷൻ എന്റർ ചെയ്താൽ സേവ് ബട്ടൺ അമർത്തണം. മുഴുവൻ ഓപ്ഷനും നൽകി കഴിഞ്ഞാൽ ഓപ്ഷൻ എൻട്രി റിപ്പോർട്ടിന്റെ പ്രിന്റൗട്ട് എടുക്കാം. തുടർന്ന് രജിസ്‌ട്രേഷൻ അവസാനിക്കുന്നതിനു മുമ്പ് ഓപ്ഷൻ പുനഃക്രമീകരിക്കാം. ആവശ്യമില്ലാത്തത് ഒഴിവാക്കാം. ഓപ്ഷൻ നൽകിയത് ഒഴിവാക്കുമ്പോൾ ക്രമനമ്പറിന് പകരം പൂജ്യം നൽകിയാൽ മതി. തുടർന്ന് അപ്‌ഡേറ്റ് ചെയ്യണം.ആദ്യ ഓപ്ഷൻ കഴിഞ്ഞു അലോട്ട്‌മെന്റ് വന്നാൽ confirm ബട്ടൺ അമർത്തിയാൽ മാത്രമേ തുടർ അലോട്ട്മെന്റിലെ ഹയർ ഓപ്ഷന് പരിഗണിക്കൂ.

ആദ്യ ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചാൽ അലോട്ട്മെന്റ് ലെറ്റെറിൽ സൂചിപ്പിച്ച നിശ്ചിതതുക ഓൺലൈനായി അടയ്‌ക്കണം. തുടർന്ന് ഹയർ ഓപ്ഷന് ശ്രമിക്കാം. ആദ്യ ഓപ്ഷനിൽ ലഭിച്ച സീറ്റിന് അനുസരിച്ച് ഫീസടയ്‌ക്കുന്നില്ലെങ്കിൽ തുടർ ഓപ്ഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കില്ല. മെഡിക്കൽ, ഡെന്റൽ അലോട്ട്‌മെന്റ് പ്രക്രിയയിൽ സമയക്രമം പാലിക്കേണ്ടതിനാൽ ആദ്യ അലോട്ട്മെന്റ് പ്രക്രിയയ്ക്ക് ശേഷം നിശ്ചിതതുക ഫീസടച്ച് കോളേജിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കാറുണ്ട്. എന്നാൽ കാർഷിക, അനുബന്ധ ആരോഗ്യ, കാർഷിക കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ചാൽ സ്വാഭാവികമായും രണ്ടാം ഓപ്ഷന് ശേഷം കോളേജിൽ റിപ്പോർട്ട്‌ ചെയ്താൽ മതിയാകും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം.

രക്ഷിതാക്കളും, വിദ്യാർത്ഥിയും കൂടെയിരുന്ന് ഓപ്ഷൻ നൽകാൻ ശ്രമിക്കണം. അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുമ്പോൾ വിദ്യാർത്ഥിയും രക്ഷിതാവും കൂടെയുണ്ടാകണം. ചില വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളെക്കുറിച്ച് സംശയങ്ങളുണ്ട്. സർക്കാർ സീറ്റ് ലഭിക്കുന്നില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഫീസ് കുറവ് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലാണെന്ന കാര്യം മനസിലാക്കുക. എൻജിനീയറിംഗിനും, മെഡിസിനും അഡ്മിഷൻ ലഭിച്ചാൽ വിദ്യാർത്ഥിയുടെ താത്‌പര്യം, അഭിരുചി, ലക്ഷ്യം, മനോഭാവം, പ്രാപ്തി എന്നിവ വിലയിരുത്തി തീരുമാനമെടുക്കാം. നീറ്റിൽ മാർക്ക് കുറഞ്ഞവർ റിപ്പീറ്റ് ചെയ്യുന്ന പ്രവണത കേരളത്തിൽ ഏറെയാണ്. തീരെ കുറഞ്ഞ മാർക്കുള്ളവർ ഓപ്ഷൻ നല്കുന്നതിനു മുമ്പ് മുൻ വർഷങ്ങളിലെ റാങ്ക് വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണം.

( ലേഖകൻ ബംഗളൂരു ട്രാൻസ് ഡിസിപ്ളിനറി ഹെൽത്ത് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ് )​

Advertisement
Advertisement