സംഭരണം നിലച്ചു; ക്വിന്റൽ കണക്കിന് കെട്ടിക്കിടക്കുന്നു, കുരുക്ക് മുറുകി കയർ മേഖല

Sunday 23 October 2022 12:42 AM IST

കോട്ടയം: കയർ സംഭരണം നിലച്ചതോടെ പ്രതിസന്ധിയിലായി കയർ തൊഴിലാളികൾ. ജില്ലയിൽ ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ളത് വൈക്കം താലൂക്കിലാണ്. വിവിധയിടങ്ങളിലായി 38 ഓളം കയർ സഹകരണ സംഘങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കയർഫെഡാണ് കയർ സംഭരണം നടത്തേണ്ടത്. എന്നാൽ ഓണത്തിന് ശേഷം താലൂക്കിലെ ഒരു സംഘത്തിൽ നിന്നും കയറുകൾ സംഭരിക്കാത്തതിനെ തുടർന്ന് ക്വിന്റൽ കണക്കിന് കയറുകളാണ് കെട്ടിക്കിടക്കുന്നത്. ചെമ്മനാകരി, വെച്ചൂർ, പള്ളിപ്പുറത്തുശേരി പ്രദേശങ്ങളിലാണ് കൂടുതൽ കയറുകൾ കെട്ടിക്കിടക്കുന്നത്. ഓണത്തിന് മുൻപ് കയർഫെഡ് സംഭരിച്ച കയറുകളുടെ തുകയായ നാല് ലക്ഷം രൂപയും ലഭിച്ചിട്ടില്ല. മാസങ്ങളായി പിരിക്കുന്നതിനുള്ള കയർ ഉൾപ്പെടെ കയർഫെഡിൽ നിന്ന് നൽകുന്നില്ല.

ഉപജീവനമാർഗം അടഞ്ഞു.

നിരവധിപ്പേരുടെ ഉപജീവനമാർഗമാണ് കയർ സംഭരണത്തിൽ തട്ടി അടഞ്ഞത്. കൂടുതലും സ്ത്രീ തൊഴിലാളികളാണ്. പലരും തൊഴിലുറപ്പ് ജോലിക്കായി പോകുകയാണ്. കയറുകളുടെ വലുപ്പത്തിന് അനുസരിച്ചാണ് വില ഈടാക്കുന്നത്. വണ്ണം കുറഞ്ഞ കയറുകൾക്കാണ് ഡിമാൻഡെന്ന് തൊഴിലാളികൾ പറയുന്നു. കിലോയ്ക്ക് 48 രൂപയുണ്ടായിരുന്ന കയറിന്റെ വില 44 രൂപയായി കുറച്ചതും ഇരുട്ടടിയായി. 110 രൂപ സർക്കാരിൽ നിന്നും 240 രൂപ സംഘത്തിൽ നിന്നുമാണ് കൂലിയിനത്തിൽ ലഭിക്കേണ്ടത്. എന്നാൽ രാവിലെ മുതൽ വൈകിട്ട് വരെ കയർ പിരിച്ചാലും 200 രൂപയിൽ താഴെയാണ് ഒരോ തൊഴിലാളിക്കും പ്രതിദിന വേതനമായി ലഭിക്കുന്നത്.

കയർത്തൊഴിലാളി ലീലാമ്മ പറയുന്നു.

"ഉത്പാദിപ്പിച്ച കയർ സംഭരിക്കാൻ ഇടമില്ലാത്തതും, കെട്ടിക്കിടക്കുന്നതും ഉപയോഗശൂന്യമാകുന്നതിന് ഇടയാക്കുന്നു. കയറിനും കയർ ഉല്പന്നങ്ങൾക്കും പുതിയ വിപണികൾ കണ്ടെത്താത്തും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നു. ബന്ധപ്പെട്ട അധികൃതരോട് വിഷയം ഉന്നയിച്ചെങ്കിലും നടപടിയില്ല".

Advertisement
Advertisement