അനന്തു ഗിരീഷ്,​ സമ്പത്ത്,​ പീറ്റ‌ർകനിഷ്കർ... അടുത്ത ഇര ആര്?​ ലഹരിമാഫിയകളുടെ അരുംകൊലകളിൽ ഞെട്ടിത്തരിച്ച് നഗരം

Sunday 23 October 2022 3:32 AM IST

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തും വില്പനയും പൊടിപ്പൊടിക്കുന്നതിനൊപ്പം ലഹരിമാഫിയകളുടെ കുടിപ്പക, കൊലപാതക പരമ്പരകൾക്കും കാരണമായതോടെ നഗരത്തിലെ ജനങ്ങൾ ഭീതിയിൽ. തമിഴ്നാട്ടിലെ ഗുണ്ടാത്തലവനും കുപ്രസിദ്ധ മയക്കുമരുന്ന് ഇടപാടുകാരനുമായ കന്യാകുമാരി സ്വദേശി പീറ്റർ കനിഷ്കറാണ് നഗരത്തിലെ ലഹരിമാഫിയാസംഘത്തിന്റെ കുടിപ്പകയുടെ ഒടുവിലത്തെ ഇര. തമിഴ്നാട് കേരള അതിർത്തി പ്രദേശങ്ങളിൽ ഗുണ്ടാസംഘങ്ങളും ലഹരിമാഫിയകളും തമ്മിൽ മാസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിന്റെ തുടർച്ചയാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 14ന് പീറ്ററിന്റെ ജീവനെടുത്തത്.

മുട്ടത്തറ സ്വദേശികളായ മനു രമേശും സുഹൃത്ത് ഷെഹിൻഷായുമാണ് പീറ്ററെ അതിക്രൂരമായി കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15ന് മുട്ടത്തറയിലെ സ്വീവേജ് പ്ലാന്റിന് സമീപം രണ്ട് കാലുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ലഹരി മാഫിയാസംഘങ്ങൾ നടത്തുന്ന അക്രമങ്ങളും പരസ്പരമുള്ള ഏറ്റുമുട്ടലുകളും ജീവനെടുക്കുന്നത് നഗരത്തിൽ ഇതാദ്യമല്ല.

2021 ജൂണിൽ ഊബർ ടാക്സി ഡ്രൈവറായ ചാക്ക സ്വദേശി സമ്പത്തിനെ കൊലപ്പെടുത്തിയതും ലഹരി മാഫിയ സംഘമായിരുന്നു. കഠിനംകുളം പുതുക്കുറുച്ചി സ്വദേശികളായ സനൽ മുഹമ്മദ് ഖനി(29)​,​ സജാദ് (26)​ എന്നിവരാണ് സമ്പത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ചാക്കയിലെ താമസസ്ഥലത്തെത്തി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് 65 ലധികം കുത്തിലാണ് സമ്പത്തിന്റെ ജീവനെടുത്തത്. സനൽ മുഹമ്മദും സജാദുമുൾപ്പെട്ട ലഹരിമാഫിയ സംഘത്തെപ്പറ്റി പൊലീസിന് വിവരം നൽകിയെന്ന സംശയമായിരുന്നു കൊലപാതകത്തിന് കാരണമായത്.

2019 മാർച്ചിൽ കരമനയിൽ അനന്തു ഗിരീഷ് (21)​ കൊല്ലപ്പെട്ടതും ലഹരിമാഫിയയിലുൾപ്പെട്ട യുവാക്കളുടെ സംഘം ചേർന്നുള്ള ആക്രമണത്തിലായിരുന്നു. വീടിന് സമീപത്തെ അരശുംമൂട് എന്ന സ്ഥലത്തുനിന്ന് അനന്തുവിനെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോയ സംഘം കരമനയിൽ ദേശീയപാതയോരത്തെ കാടുകയറിയ സ്ഥലത്തെത്തിച്ച് ഇരുകൈകളിലും ഞരമ്പ് ഛേദിച്ച് തലയോട്ടി പൊട്ടുന്ന തരത്തിൽ തലയ്ക്കും ദേഹമാസകലവും മർദ്ദിച്ചുമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷവും കഞ്ചാവുൾപ്പെടെയുള്ള ലഹരിയിലായിരുന്ന പ്രതികൾ അവരിൽ ഒരാളുടെ ബർത്ത്ഡേ ആഘോഷം കൊലപാതകസ്ഥലത്ത് നടത്തുകയും അതിന്റെ വീഡിയോയും ഫോട്ടോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലെല്ലാം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലഹരി കടത്തിനും വില്പനയ്ക്കുമെന്നപോലെ ലഹരിവ്യാപാരത്തിന്റെ പേരിലുള്ള കുടിപ്പകകൾക്കും അറുതിയില്ലാത്ത സ്ഥിതിയാണ്.

Advertisement
Advertisement