ബസപകടത്തിൽ 15 തൊഴിലാളികൾക്ക് ദാരുണാന്ത്യം, എല്ലാവരും ദീപാവലിക്ക് നാട്ടിലേക്കു മടങ്ങിയവർ

Sunday 23 October 2022 12:47 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ ദേശീയപാതയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 തൊഴിലാളികൾക്ക് ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റു. നൂറോളം യാത്രക്കാരുമായി ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോകുകയായിരുന്ന ബസ് സുഗാഹി പഹാരിക്കു സമീപം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ സുഹാഗിയിലെയും രേവയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റൊരു ട്രക്കുമായി അപകടമുണ്ടായതിനെത്തുടർന്ന് ദേശീയപാതയിൽ നിറുത്തിയിട്ടിരിക്കുകയായിരുന്ന ട്രക്കിന്റെ പിറകിൽ ബസ് വന്നിടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങൾ ബസിന്റെ മുൻഭാഗം പൊളിച്ചു മാറ്റിയാണ് പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേരും മദ്ധ്യപ്രദേശിലെ കട്നിയിൽ നിന്ന് കയറിയ തൊഴിലാളികളായിരുന്നെന്ന് രേവ പൊലീസ് സൂപ്രണ്ട് നവനീത് ഭാസിൻ പറഞ്ഞു. ഇവർ ദീപാവലി പ്രമാണിച്ച് വീട്ടിലേക്കു പോകുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. വഴിയാത്രക്കാരിൽ ചിലർ അറിയിച്ചതിനെത്തുടർന്നാണ് അപകടവിവരം പുറത്തറിയുന്നത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. മദ്ധ്യപ്രദേശ് സഹമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങൾ കുടുംബങ്ങളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നതായി മുഖ്യമന്ത്രിയുടെ ഒഫീസ് അറിയിച്ചു. ചെറിയ പരിക്കുകളുള്ളവരെ അവരവരുടെ വീടുകളിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചു.

ആളുകൾ രക്തത്തിൽ കുളിച്ചു കിടക്കുന്നു: അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

ദീപാവലി ആഘോഷങ്ങൾക്കായി ഉത്തർപ്രദേശിലെ തന്റെ നാട്ടിലേക്കു തിരിച്ചതാണ് 30 വയസുകാരനായ സുഭാഷ് ചൗധരി. മയക്കത്തിനിടെ വലിയൊരു ശബ്ദം കേട്ടാണ് ഉണർന്നത്. നോക്കുമ്പോൾ ചുറ്റും വേദനയിൽ പുളയുകയും രക്തത്തിൽ കുളിച്ചും കിടക്കുന്ന മനുഷ്യർ. കൈക്കും കാലിനും പരിക്കേറ്റ ചൗധരി ആശുപത്രിയിൽ ചികിത്സയിലാണ്. സഹയാത്രികർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം മയങ്ങിയതാണ് താനെന്നും ഉണർന്നപ്പോൾ അവരിൽ പലരും രക്തത്തിൽ കുളിച്ചു കിടക്കുന്നതും നിലവിളിക്കുന്നതുമാണ് കാണാൻ കഴിഞ്ഞതെന്നും ചൗധരി പറഞ്ഞു. നാട്ടിലേക്കു മടങ്ങാനും ഉത്സവം ആഘോഷിക്കാനുമുള്ള ഞങ്ങളുടെ സ്വപ്നം ചാരമായി. താൻ തളർന്നുപോയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെ അതിജീവിച്ച 21 വയസുള്ള മനീഷ് സാകത് എന്നയാളും അപകടത്തിന്റെ ഭീകരതയുടെ ഞെട്ടലിലാണ്. കാതടപ്പിക്കുന്ന ശബ്ദം കേട്ടെന്നും പിന്നീട് കാണുന്നത് ജീവനറ്റ ശരീരങ്ങളാണെന്നും മനീഷ് പറഞ്ഞു.

Advertisement
Advertisement