ഹോട്ടലി​ൽ ഒളി​കാമറ: ഭീഷണി​പ്പെടുത്തി​ പണം തട്ടാൻ ശ്രമി​ച്ച 4 പേർ അറസ്റ്റി​ൽ

Sunday 23 October 2022 1:11 AM IST

ലക്നൗ : ഓയോ ഹോട്ടൽ മുറിയിൽ ഒളികാമറ വച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമി​ച്ച നാലു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. വിഷ്ണു സിംഗ്, അബ്ദുൾ വഹാബ്, പങ്കജ് കുമാർ, അനുരാഗ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. അനധികൃത കാൾ സെന്റർ, വ്യാജ സിം കാർഡ് വി​തരണം തുടങ്ങി നിരവധി കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് അറി​യി​ച്ചു.

ഹോട്ടൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഒായോ ഹോട്ടലുകളിൽ മുറികൾ ബുക്കു ചെയ്തതിനു ശേഷം സംഘം അവിടെ ഒളികാമറ സ്ഥാപിക്കും. വെക്കേറ്റ് ചെയ്ത് പോകുന്ന സംഘം ദിവസങ്ങൾക്കു ശേഷം അതേ മുറികൾ ബുക്ക് ചെയ്ത് കാമറകൾ തിരികെയെടുക്കും. തുടർന്ന് ദൃശ്യങ്ങളിലുള്ളവരെ ബന്ധപ്പെട്ട് പണം നൽകിയില്ലെങ്കിൽ വീഡി​യോ സമൂഹമാദ്ധ്യമങ്ങളി​ൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി​ പണം തട്ടുന്നതാണ് രീതി. 11 ലാപ്ടോപുകളും 21 മൊബൈൽ ഫോണുകളും 22 എ.ടി.എം കാർഡുകളും ഇവരി​ൽ നി​ന്ന് പിടിച്ചെടുത്തു. രാജ്യവ്യാപക ശൃംഖലയി​ൽ പെട്ടവരാണ് പ്രതി​കളെന്ന് കരുതുന്നതായി​ പൊലീസ് അറിയിച്ചു. എന്നാൽ, സംഭവത്തെ കുറിച്ച് ഒായോ പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement