മില്ലുകാർ കളത്തിൽ, നെല്ല് കരയിലേക്ക്

Sunday 23 October 2022 12:59 AM IST

ഇതുവരെ സംഭരി​ച്ചത് 3943.73 മെട്രിക് ടൺ

ആലപ്പുഴ: മില്ലുടമകൾ നിസഹരണ സമരം പിൻവലിച്ചതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ നെല്ലുസംഭരണം പുരോഗമിക്കുന്നു. 48 മില്ലുകാരാണ് സർക്കാരുമായി കരാറിൽ ഒപ്പുവച്ചത്. ഇതിനോടകം ആറു മില്ലുകാർ സംഭരണത്തിനെത്തി. കുട്ടനാട്ടിൽ ഇന്നലെ മാത്രം 380 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതോടെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ നിന്ന് ഇതുവരെ 3943.73 മെട്രിക് ടൺ നെല്ല് സംഭരിക്കാനായി.

രണ്ടാംകൃഷിയിൽ വിളവെടുപ്പ് നടന്ന പാടശേഖരങ്ങളിൽ ഒരു മാസമായി നെല്ല് കെട്ടിക്കിടക്കുകയായിരുന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിലായിരുന്നു പ്രതിസന്ധി കൂടുതൽ. മില്ലുടമകൾ ഉന്നയിച്ച വിഷയങ്ങൾ മൂന്നു മാസത്തിനകം പരിഹരിക്കാമെന്ന് സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന് 48 മില്ലുകൾ സംഭരണ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. നെല്ലു സംഭരണത്തിൽ ആശങ്ക അവസാനിച്ചതോടെ കുട്ടനാട്ടിലെ ശേഷിക്കുന്ന പാടങ്ങളിൽ വിളവെടുപ്പ് വേഗത്തിലാക്കാൻ പാടശേഖര സമിതികൾ തീരുമാനിച്ചു. മികച്ച വിളവാണ് ഭൂരിഭാഗം പാടങ്ങളിലുമുള്ളത്.

നെടുമുടി കൃഷിഭവന്റെ പരിധിയിലുള്ള പുതിയോട്ടു വരമ്പിനകം, പടിഞ്ഞാറേ തുമ്പവിരുത്തി എന്നീ പാടശേഖരങ്ങളിൽ സംഭരണം ആരംഭിച്ചു. മില്ലുടമകളുടെ പ്രതിനിധികൾ പാടശേഖരങ്ങൾ സന്ദർശിച്ച് ഈർപ്പ പരിശോധന നടത്തിയിരുന്നു.

# രജിസ്റ്റർ ചെയ്ത മില്ലുകൾ: 48

# കുട്ടനാട്ടിൽ നെല്ല് സംഭരിക്കുന്ന മില്ലുകൾ: 6

# ഇന്നലെ സംഭരിച്ചത്: 380 മെട്രിക് ടൺ

# ഇതുവരെ സംഭരിച്ചത്: 3943.73 മെട്രിക് ടൺ

Advertisement
Advertisement