ചട്ടം ലംഘിച്ച നിയമനങ്ങൾ

Sunday 23 October 2022 2:38 AM IST

രാഷ്ട്രീയ ഇടപെടലുകൾ തുലോം ഇല്ല എന്ന് പറയാവുന്ന ഇന്ത്യയിലെ ഒരു വിഭാഗമാണ് സൈന്യം. അവിടെ നിയമനങ്ങൾ നടത്തുന്നത് സേനയിലെ ബന്ധപ്പെട്ട വകുപ്പുകളാണ്. ഇന്ത്യയിൽ ഏറ്റവും അച്ചടക്കത്തോടെ ഏറ്റവും മികച്ച രീതിയിലാണ് സൈന്യത്തിന്റെ പ്രവർത്തനം. രാഷ്ട്രീയ ഇടപെടൽ ഇല്ല എന്നതിന്റെ പേരിൽ നേട്ടമല്ലാതെ ഒരു കോട്ടവും സേനയ്ക്ക് ഉണ്ടായിട്ടില്ല. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലും സർവകലാശാലകളിലും രാഷ്ട്രീയ ഇടപെടലുകളും ഇഷ്ടക്കാരെ തിരുകി കയറ്റുന്നതും മറ്റും പാടെ നിരോധിക്കേണ്ടതോ അവസാനിപ്പിക്കേണ്ടതോ ആണ്. തികച്ചും മെരിറ്റിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധസമിതി വേണം വി.സിമാരെയും മറ്റും നിയമിക്കാൻ. എ.പി.ജെ. അബ്‌ദുൾകലാം സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായി ഡോ.രാജശ്രീ എം.എസിനെ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കിയത് ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തുന്ന രാഷ്ട്രീയ ഇടപെടലിനുള്ള തിരിച്ചടിയാണ്. സുപ്രീംകോടതിയുടെ ഈ നടപടിയോടെ മറ്റ് നാല് വി.സിമാരുടെ നിയമനം കൂടി തുലാസിലായിരിക്കുകയാണ്. സംസ്‌കൃതം, എം.ജി, ഫിഷറീസ്, കണ്ണൂർ വി.സിമാരുടെ കാര്യത്തിലും കോടതിയെ ആരെങ്കിലും സമീപിച്ചാൽ അയോഗ്യത ബാധകമാകാനാണിട. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ വി.സിമാരുടെ നിയമനരേഖകൾ ശേഖരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്‌ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. കോടതി ഇടപെടുന്നതിന് മുമ്പ് തന്നെ ചട്ടം പാലിക്കാതെയാണ് വി.സി നിയമനങ്ങൾ നടത്തിയിരിക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടാൽ ഗവർണർക്ക് തന്നെ നിയമനം റദ്ദാക്കി ഉത്തരവിറക്കാനാവും. കൂടുതൽ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊക്കെ ഇതിടയാക്കാം.

തിരിച്ചടി കിട്ടിയത് സുപ്രീംകോടതിയിൽ നിന്നായതിനാൽ യു.ജി.സി മാനദണ്ഡമനുസരിച്ച് സർവകലാശാലയുടെ നിയമവും ചട്ടവും ഭേദഗതിചെയ്ത് ചട്ടപ്രകാരമുള്ള നിയമനത്തിന് വഴിയൊരുക്കുക എന്ന ഒരു മാർഗമേ ഇനി സർവകലാശാലയുടെയും സർക്കാരിന്റെയും മുന്നിലുള്ളൂ. വി.സി നിയമനത്തിന് ഉൾപ്പെടെ മാനദണ്ഡങ്ങൾ 2010ലെ യു.ജി.സി റഗുലേഷനിലുള്ളതാണ്. യു.ജി.സിയുടെ ഗ്രാന്റ് വാങ്ങുന്നതിനാൽ സർവകലാശാലകളും യു.ജി.സി നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അദ്ധ്യാപകരുടെയും പ്രൊഫസർമാരുടെയും ശമ്പളം ഉയർത്തുന്നത് ഉൾപ്പെടെയുള്ള എല്ലാ നിർദ്ദേശവും 2010-ൽ സർവകലാശാലകൾ നടപ്പാക്കിയപ്പോൾ വി.സിമാരുടെ നിയമനം സംബന്ധിച്ച നിർദ്ദേശം മാത്രം സ്വീകരിച്ചില്ല. അതു സ്വീകരിച്ചാൽ സർക്കാരിന് താത്‌പര്യമുള്ളവരെ വി.സിമാരായി നിയമിക്കാൻ പറ്റാതെവരും. ഈ ഒരു കാരണം കൊണ്ടാണ് പ്രസ്തുത നിർദ്ദേശം സ്വീകരിക്കാതിരുന്നത്. സെർച്ച് കമ്മിറ്റി നൽകുന്ന മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നായിരിക്കണം വി.സി നിയമനമെന്നാണ് 2010ലെ യു.ജി.സി റഗുലേഷനിൽ പറയുന്നത്. സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയും അംഗമായിരിക്കണം. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനത്തിൽ ഇതൊന്നും പാലിച്ചിട്ടില്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. യു.ജി.സി പ്രതിനിധിയെ ഒഴിവാക്കി സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും നിയമലംഘനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ തങ്ങൾക്ക് താത്‌പര്യമുള്ള വ്യക്തിയെ വി.സി ആക്കുന്നത് പിന്നീട് സർവകലാശാലയിലെ പല നിയമനങ്ങളിലും ഇടപെടാനാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ ഇടപെടൽ പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് അക്കാഡമിക് രംഗത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഇനിയെങ്കിലും കൈക്കൊള്ളേണ്ടത്.

Advertisement
Advertisement