സത്യപ്രതിജ്ഞ ഭഗവത് ഗീതയിൽ തൊട്ട്; ബ്രിട്ടണിലും ഇന്ത്യൻ പാരമ്പര്യം മറക്കാതെ ഋഷി

Tuesday 25 October 2022 7:50 AM IST

ലണ്ടൻ: ഋഷി സുനക് ബ്രിട്ടൺ പ്രധാനമന്ത്രിയാകുമ്പോൾ ഇന്ത്യയ്ക്കും ഇത് അഭിമാനമുഹൂർത്തം. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടണിന്റെ ഏറ്റവും ഉയർന്ന പദവിയിൽ എത്തുന്നത്.

പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്ന് 1960കളിൽ ബ്രിട്ടണിലേയ്ക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ. ബ്രിട്ടണിൽ ജനിച്ച യശ്‌വീർ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മേയ് 12ന് ഹാംഷറിലെ സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷിയുടെ ഭാര്യ.

ഇന്ത്യയേയും ഇന്ത്യയുടെ പാരമ്പര്യത്തെയും മറക്കാത്തയാളാണ് ഋഷി. തന്റെ പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് കുടുംബം എപ്പോഴും ഓർമിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് ഇന്ത്യയിൽ സന്ദർശനം നടത്താനും അദ്ദേഹം മടിക്കാറില്ല. യോക്‌ഷെറിൽ നിന്നുള്ള എംപിയായ ഋഷി ഭഗവത്ഗീതയിൽ തൊട്ടാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പാർലമെന്റേറിയനാണ് അദ്ദേഹം. സമ്മർദം നിറയുന്ന സാഹചര്യങ്ങളിൽ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കർത്തവ്യത്തെക്കുറിച്ച് ഓർമിപ്പിക്കാറുണ്ടെന്നും ഋഷി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.