ചെമ്പോത്ത് സെെമണായി ലിജോ ജോസ്  പെല്ലിശ്ശേരിയ്ക്കൊപ്പം മോഹൻലാൽ

Tuesday 25 October 2022 6:40 PM IST

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്നു. ആരാധകാരുടെ നീണ്ടകാലത്തെ ആഗ്രഹമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം. മോഹൻലാൽ തന്നെ ഔദ്യോഗികമായി ചിത്രത്തിന്റെ വിവരം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. തന്റെ സോഷ്യൽ മീഡിയ പേജുകളിലുടെയാണ് താരം അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെയാണ് എന്ന് അറിച്ചിരിക്കുന്നത്.

'മലെെക്കോട്ടെെ വാലിബൻ ' എന്നതാണ് ചിത്രത്തിന്റെ പേരെന്നും ചെമ്പോത്ത് സെെമൺ എന്ന കഥാപാത്രത്തെയായിരിക്കും മോഹൻലാൽ അവതരിപ്പിക്കുക എന്നുമാണ് റിപ്പോർട്ടുകൾ. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ് കുറച്ച് ദിവസം മുൻപ് പുറത്തുവിട്ടിരുന്നു.

ബിഗ് ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം പിരീഡ് സിനിമയായിരിക്കുമെന്നും ​മോഹൻലാൽ ചിത്രത്തിൽ ഗുസ്തിക്കാരനായിട്ടായിരിക്കും വേഷമിടുകയെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 2023 ജനുവരിയിൽ രാജസ്ഥാനിൽ വച്ച് 'മലെെക്കോട്ടെെ വാലിബൻ ' ചിത്രീകരണം ആരംഭിക്കും.