ബിഗ് ദീപാവലി സെയിലിൽ ഫ്ളിപ്പ്കാർട്ടിൽ  നിന്നും ലഭിച്ചത് കൂറ്റൻ കോൺക്രീറ്റ് കഷ്ണം, കിട്ടേണ്ടത് കിട്ടിയപ്പോൾ  പണം നൽകില്ലെന്ന് പറഞ്ഞ കമ്പനി കാശ് മടക്കി നൽകി

Wednesday 26 October 2022 3:57 PM IST

രാജ്യത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ ദീപാവലിയോട് അനുബന്ധിച്ച് ഇകൊമേഴ്സ് സൈറ്റുകളിൽ വൻ ഓഫറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ബിഗ് ദീപാവലി സെയിലിൽ ഫ്ളിപ്പ് കാർട്ടിൽ നിന്നും ലാപ്‌ടോപ്പ് ഓഡർ ചെയ്തയാൾക്ക് ലഭിച്ചത് വലിയൊരു കോൺക്രീറ്റ് കഷ്ണമാണ്. ഗെയിമിംഗ് ലാപ്‌ടോപ്പ് ഓർഡർ ചെയ്ത ഫ്ളിപ്പ്കാർട്ട് പ്ലസ് അംഗത്വമുള്ള ചിന്മയ രമണ എന്ന യുവതിക്കാണ് കോൺക്രീറ്റ് കഷ്ണം ലഭിച്ചത്. കർണാടകയിലെ മംഗലാപുരത്താണ് സംഭവം. കല്ലും കുറച്ച് ഇവേസ്റ്റുമായിരുന്നു ലഭിച്ച പാർസലിൽ ഉണ്ടായിരുന്നത്.

ഒക്ടോബർ പതിനഞ്ചിനാണ് ചിന്മയ രമണ സുഹൃത്തിനായി ഗെയിമിംഗ് ലാപ്‌ടോപ്പ് ഓർഡർ ചെയ്തത്. ഒക്‌ടോബർ 20ന് സീൽ ചെയ്ത പായ്ക്കറ്റ് ലഭിച്ചു. എന്നാൽ തുറന്നപ്പോൾ ലാപ്‌ടോപ്പ് ഉണ്ടായിരുന്നില്ല, പകരം കോൺക്രീറ്റ് കഷ്ണമാണ് ലഭിച്ചത്. ഇതേതുടർന്ന് ചിന്മയ വിവരം ഉടൻ ഫ്ളിപ്പ്കാർട്ടിനെ അറിയിക്കുകയും, പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പണം തിരികെ നൽകാൻ ആദ്യം കമ്പനി വിസമ്മതിക്കുകയും, ഉപഭോക്താവിന്റെ അപേക്ഷ നിരസിക്കുകയും ചെയ്തു. തുടർന്ന് ചിൻമയ എല്ലാ തെളിവും സഹിതം മെയിൽ ചെയ്തു.

തുടർന്ന് പരാതി പരിഹരിക്കാൻ സമയം ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ സമയം തനിക്ക് ലഭിച്ച കല്ലിന്റെ ചിത്രങ്ങൾ ചിന്മയ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ ഫ്ളിപ്പ്കാർട്ട് തെറ്റ് അംഗീകരിക്കുകയും മുഴുവൻ പണവും തിരികെ നൽകുകയുമായിരുന്നു. നഷ്ടമായ മുഴുവൻ പണവും തിരികെ ലഭിച്ചതായി ചിന്മയ രമണ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.


ഓപ്പൺ ബോക്സ് ഡെലിവറി ചെയ്യാം

ചിന്മയയ്ക്ക് സംഭവിച്ച പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മികച്ച വഴി 'ഓപ്പൺ ബോക്സ് ഡെലിവറി' പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നത്. വിലകൂടിയ സാധനങ്ങൾ വാങ്ങുമ്പോൾ ഡെലിവറി ഏജന്റിനോട് ബോക്സ് തുറന്ന് കാണിക്കാൻ ആവശ്യപ്പെടാം, ആവശ്യപ്പെട്ട സാധനം അതിലുണ്ടെന്നും, യാത്രയിൽ പ്രത്യക്ഷത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഇതിലൂടെ പരിശോധിച്ച് ഉറപ്പിക്കാനാവും. ഇകൊമേഴ്സ് സൈറ്റുകൾ 'ഓപ്പൺ ബോക്സ് ഡെലിവറി' പോലുള്ള സേവനങ്ങൾ അടുത്തകാലത്ത് ആരംഭിച്ചതും ഇതുപോലെയുള്ള തർക്കങ്ങൾ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്.

Advertisement
Advertisement