ഇതാരുടെ ശാപമാണ് ! പ്രശ്നം തുടങ്ങിയിട്ട് ആറ് മാസമായി, എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയില്ല, സങ്കടക്കയത്തിൽ  ഇൻഡിഗോ 

Wednesday 26 October 2022 4:27 PM IST

ഇങ്ങനെയൊരു പ്രശ്നം ഇൻഡിഗോയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തെ വമ്പൻ വിമാനക്കമ്പനിയെന്ന വിശേഷണമുള്ളപ്പോഴും കൃത്യതയിൽ ഇൻഡിഗോയെ വെല്ലാൻ ആർക്കും കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ ആറുമാസമായി സ്ഥതി അൽപ്പം പരുങ്ങലിലാണ്. സമയനിഷ്ഠയിൽ ഇൻഡിഗോയുടെ റാങ്ക് താഴേക്ക് താഴേക്ക് എന്ന അവസ്ഥയിലാണ്.

ആഭ്യന്തര വിമാനങ്ങളിൽ ഏപ്രിലിനുമുമ്പ്, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ സമയനിഷ്ഠതയുടെ കണക്കിൽ 95.4%, 93.9% വിമാനങ്ങൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇൻഡിഗോയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇത് 84 ശതമാനത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. സമയനിഷ്ഠയിൽ എതിരാളികളെ തോൽപ്പിക്കാൻ കഴിയുന്നില്ലെന്നത് ഇൻഡിഗോയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. എന്നാൽ ഈ സമയം ടാറ്റ ഗ്രൂപ്പ് എയർലൈനുകളായ എയർ ഏഷ്യ ഇന്ത്യയും, വിസ്താരയും സമയപരിധിയിൽ മുന്നേറുന്ന കാഴ്ചയാണുള്ളത്.

ഡിജിസിഎ നൽകുന്ന സെപ്തംബറിലെ കണക്ക് പ്രകാരം കൃത്യസമയത്ത് മികച്ച പ്രകടനം കാഴ്ചവച്ചത് വിസ്താരയാണ് (91%) എയർഏഷ്യ ഇന്ത്യ (89.8%), എയർ ഇന്ത്യ (87.1%) എന്നിവയ്ക്കും പിന്നിലാണ് ഇപ്പോൾ ഇൻഡിഗോ (84.1%)യുടെ സ്ഥാനം.

രാജ്യത്തെ വിപണിമൂല്യത്തിൽ 57.7% വിപണി വിഹിതമുള്ള വിമാനകമ്പനിയാണ് ഇൻഡിഗോ. മുംബയ് വിമാനത്താവളത്തിലാണ് കൂടുതൽ വിമാനങ്ങളും വൈകിയത്. ഇൻഡിഗോ വിമാനക്കമ്പനിയുടെ വലിപ്പമാവാം ഈ പട്ടികയിലെ അടി വച്ചുള്ള ഇറക്കത്തിന് ഒരു കാരണം. ഡൽഹി, മുംബയ് തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നും ആഭ്യന്തര സർവീസിൽ കുത്തക ഈ കമ്പനിക്കാണ്. അതിനാൽ തന്നെ തിരക്കേറിയ ഈ വിമാനത്താവളങ്ങളിൽ നിന്ന് മാത്രം പ്രതിദിനം 150-200 സർവീസുകൾ നടക്കുന്നു, ഒരു വിമാനം പുറപ്പെടാൻ താമസിച്ചാൽ പോലും പിന്നാലെയുള്ള സർവീസുകളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്.

ഇതിന് പുറമേ സ്‌പെയർ പാർട്സുകളുടെയും ലഭ്യതയും കൃത്യനിഷ്ഠതയെ ബാധിക്കുന്നു. ഒരു വിമാനം അതിന്റെ പ്രീഫ്‌ളൈറ്റ് പരശോധനയ്ക്കിടെ എന്തെങ്കിലും സ്‌പെയർ പാർട്ടിൽ മാറ്റം ആവശ്യമാണെന്ന് കണ്ടെത്തിയാൽ അത് ലഭ്യമല്ലെങ്കിൽ മറ്റൊരു വിമാനം ക്രമീകരിക്കേണ്ടി വരും ഇത് കാലതാമസത്തിന് ഇടയാക്കാം.