കെജ്‌രിവാളിന്റെ വിവാദ പ്രസ്താവന

Friday 28 October 2022 12:00 AM IST

തിരഞ്ഞെടുപ്പ് വരുമ്പോൾ വിവിധ പാർട്ടികൾ പല വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുക സ്വാഭാവികമാണ്. അതിൽ പലതും ഒരിക്കലും നടക്കാത്ത മോഹനവാഗ്ദാനങ്ങളായി അവശേഷിക്കുകയും ചെയ്യും. ഇത് ജനാധിപത്യത്തിൽ പതിവുള്ളതായതിനാൽ ജനങ്ങൾ പൊതുവെ അതിന് അമിത പ്രാധാന്യം നൽകാറില്ല. എന്നാൽ വിവിധ വിഭാഗങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ഇടയാക്കുന്ന പ്രസ്താവനകൾ ഉത്തരവാദപ്പെട്ട നേതാക്കന്മാരിൽ നിന്നും ഉണ്ടാകാൻ പാടില്ല. മതേതര രാജ്യമായ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് അത് ഉലച്ചിൽ ഏല്പിക്കുമെന്ന് വ്യക്തമായി അറിയാമെങ്കിലും തിരഞ്ഞെടുപ്പിൽ ഏതു വിധേനയും വോട്ടുനേടി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷപ്രസ്താവനകൾ ചില പാർട്ടികളുടെ പ്രമുഖർപോലും നടത്താറുണ്ട്. ഇത് പാടില്ലെന്നും ഇതിനെതിരെ കേസെടുക്കണമെന്നും അടുത്തിടെയാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. വിദ്വേഷ പ്രസ്താവനയല്ലെങ്കിലും ആം ആദ്‌മി നേതാവ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം നടത്തിയത് വിവാദ പ്രസ്താവന തന്നെയാണ്. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്‌മീദേവിയുടെയും ഗണപതി ഭഗവാന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള ഐശ്വര്യത്തിന് ഇടയാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ഭൂരിപക്ഷ സമുദായത്തെ സുഖിപ്പിക്കാനായി കെജ്‌രിവാൾ ഈ ഹിന്ദു കാർഡിറക്കിയതെന്ന് വ്യക്തമാണ്. രൂപയുടെ മൂല്യം ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവങ്ങളുടെ പടം ഉൾപ്പെടുത്തിയതുകൊണ്ട് മൂല്യം ഉയർത്താൻ കഴിയില്ലെന്ന് ചിന്തിക്കുന്ന ആർക്കും മനസിലാകും. അതിന് വ്യക്തവും നവീനവുമായ സാമ്പത്തിക നടപടികളാണ് വേണ്ടത്. അതിനെക്കുറിച്ച് പറയാതെ ഹിന്ദു ദൈവങ്ങളുടെ പടം വച്ചാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞത് സമൂഹത്തിൽ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാനേ ഇടയാക്കൂ. മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്തമായ മേഖലകളാണ്. ഇത് രണ്ടും കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. മറ്റ് സമുദായങ്ങളും അവരുടെ ആരാധനാചിഹ്നങ്ങൾ നോട്ടിൽ പതിക്കണമെന്ന് സ്വാഭാവികമായും ആവശ്യം ഉന്നയിക്കും. ആരാധനയും വിശ്വാസവുമൊക്കെ തികച്ചും സ്വകാര്യമായ വിഷയങ്ങളാണ്. എല്ലാ മതങ്ങളെയും ഒന്നുപോലെ നോക്കിക്കാണുന്നതാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യം. അതിന് പോറലേൽപ്പിക്കുന്ന ഇത്തരം വിവാദപ്രസ്താവനകളിൽ നിന്ന് നേതാക്കന്മാർ ഒഴിഞ്ഞുനിൽക്കുന്നതാണ് രാജ്യത്തിനും ജനങ്ങൾക്കും നല്ലത്.

Advertisement
Advertisement