പാർട്ടിയെ നെഞ്ചേറ്റിയ പാച്ചേനി

Friday 28 October 2022 12:00 AM IST

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവും നിസ്വാർത്ഥനായ കോൺഗ്രസ് നേതാവുമായിരുന്നു അകാലത്തിൽ വിടപറഞ്ഞ സതീശൻ പാച്ചേനി. കെ.എസ്.യു യൂണിറ്റ് അദ്ധ്യക്ഷനിൽ തുടങ്ങി സംസ്ഥാന അദ്ധ്യക്ഷനായി അവകാശസമര പോരാട്ടങ്ങളിലൂടെയാണ് പാച്ചേനി സംസ്ഥാന രാഷ്ട്രീയത്തിലും കോൺഗ്രസിലും തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. ഊർജസ്വലമായി പ്രവർത്തിക്കുക മാത്രമല്ല, സഹപ്രവർത്തകരിലേക്ക് ആ ഊർജം പകരാനും അദ്ദേഹത്തിനായി. എല്ലാ കാലത്തും പാർട്ടി ഏല്പിച്ച ഉത്തരവാദിത്വങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കാനും പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാനുമുള്ള ആർജ്ജവം പാച്ചേനിക്കുണ്ടായിരുന്നു.

അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നെങ്കിലും കോൺഗ്രസ് ആശയങ്ങളാണ് പാച്ചേനിയെ ആകർഷിച്ചത്. തുടർന്ന് തറവാട്ടിൽനിന്ന് പടിയിറക്കിയെങ്കിലും കോൺഗ്രസിനൊപ്പം നില്ക്കുക എന്ന ഉറച്ച തീരുമാനമായിരുന്നു പാച്ചേനിയുടേത്. പരിയാരം ഹൈസ്‌കൂളിൽ ആദ്യമായി രൂപീകരിച്ച കെ.എസ്.യു യൂണിറ്റ് അദ്ധ്യക്ഷനായാണ് പാച്ചേനി കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. പിന്നീട് താലൂക്ക് സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പാച്ചേനി കെ.എസ്.യു അദ്ധ്യക്ഷനുമായി.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കോട്ടയെന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന മലമ്പുഴയിൽ പാച്ചേനിക്കെതിരെ സാക്ഷാൽ വി.എസ് അച്യുതാനന്ദന് 4703 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. പാർലമെന്ററി രംഗത്ത് തിളങ്ങി നിൽക്കാനുള്ള അനുഭവവും കഴിവും പാച്ചേനിക്ക് ഉണ്ടായിരുന്നെന്ന് എനിക്കുറപ്പാണ്. എന്നാൽ ദൗർഭാഗ്യമാണ് പലപ്പോഴും തടസ്സമായത്. തോൽവികൾ വ്യക്തിപരമായി ഒരിക്കലും സതീശൻ പാച്ചേനിയെ ബാധിച്ചില്ല.

കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കരുത്തായിരുന്നു അദ്ദേഹം. ഡി.സി.സി അദ്ധ്യക്ഷനായിരിക്കെ കണ്ണൂരിൽ പാർട്ടി ആസ്ഥാന മന്ദിര നിർമ്മാണത്തിനായി സ്വന്തം വീടിന്റെ ആധാരം പണയം വച്ച് പണം കണ്ടെത്താൻ പോലും അദ്ദേഹം മടിച്ചില്ല. പാർട്ടിക്ക് പാച്ചേനിയോടുള്ള കടപ്പാടും തീരാത്തതാണ്. പാച്ചേനിയുടെ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. സമകാലീനരായിരുന്നു ഞങ്ങൾ. എന്തും തുറന്നു പറയാവുന്ന സുഹൃത്ത്. പഠിക്കുന്ന സമയത്ത് തൂമ്പയെടുത്ത് ജോലിക്കുപോയ അനുഭവങ്ങൾ കെ.എസ്.യു ക്യാമ്പിൽ വച്ച് പാച്ചേനി എന്നോട് പറഞ്ഞിട്ടുണ്ട്. സഹപ്രവർത്തകരെ എന്നും ചേർത്തുനിറുത്തിയ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത്. പാച്ചേനിയുടെ പ്രിയ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ വേദനയോടെ പങ്കുചേരുന്നു.

Advertisement
Advertisement