പാക് നിർമ്മിതമെന്നു സംശയം, കായംകുളത്ത് 2.60 ലക്ഷത്തിന്റെ കള്ളനോട്ടുകൾ പിടിച്ചെടുത്തു

Friday 28 October 2022 4:47 AM IST

രണ്ടുപേർ അറസ്റ്റിൽ, ആറുപേർ കസ്റ്റഡിയിൽ

കായംകുളം: എസ്.ബി.ഐ ശാഖയിൽ പണമടയ്ക്കാൻ എത്തിയ ആളിൽ നിന്ന് 500ന്റെ കള്ളനോട്ടുകൾ പിടികൂടിയതോടെ ചുരുളഴിഞ്ഞത് വൻ കള്ളനോട്ട് വിനിമയം. പാകിസ്ഥാൻ നിർമ്മിതമെന്ന് സംശയിക്കുന്ന 2.60 ലക്ഷം വരുന്ന 500ന്റെ കള്ളനോട്ടുകൾ നിരവധി പേരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണപുരം സ്വദേശി സുനിൽദത്ത് (54), ചൂനാട് ഇലപ്പിക്കുളം തടായി വടക്കതിൽ അനസ് (46) എന്നിവരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ആറുപേർ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കായംകുളം, ആലപ്പുഴ, കോഴിക്കോട്, മംഗളുരു എന്നിവിടങ്ങളിൽ റെയ്ഡ് തുടരുകയാണ്.

കള്ളനോട്ട് എവിടെയാണ് നിർമ്മിച്ചതെന്ന് വ്യക്തമായിട്ടില്ല. പാകിസ്ഥാനിൽ നിർമ്മിച്ച നോട്ടാണെന്ന് സ്ഥിരീകരിച്ചാൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തുകയും കേസ് എൻ.ഐ.എയ്ക്ക് കൈമാറുകയും ചെയ്യും.

സുനിൽ ദത്തിനെയാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. ഭാര്യ സിലിയുടെ അക്കൗണ്ടിൽ അടയ്ക്കാനായി ഫിനോ പേമെന്റ് ബാങ്കിൽ ഏൽപ്പിച്ച പണം കായംകുളം എസ്.ബി.ഐയുടെ പേഴ്സണൽ ബിസിനസ് ശാഖയിൽ അടയ്ക്കാൻ എത്തിയപ്പോഴാണ് 500 രൂപയുടെ 73 കള്ളനോട്ടുകൾ കണ്ടെത്തിയത്. ബാങ്കിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് അനസാണ് പണം കൊടുത്തതെന്ന് വെളിപ്പെടുത്തിയത്. ഉടൻഅനസിനെയും കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 500ന്റെ 520 കള്ളനോട്ടുകൾ പൊലീസ് പിടിച്ചെടുത്തു.

സുനിൽ ദത്ത് ഡ്രൈവറും അനസ് ഹോട്ടലുടമയുമാണ്. 25,000 രൂപ നൽകിയാണ് 50,000 രൂപയുടെ 500 ന്റെ കള്ളനോട്ടുകൾ സുനിൽ ദത്ത് അനസിൽ നിന്നു വാങ്ങിയത്. കായംകുളത്തും പരിസര പ്രദേശങ്ങളിലും പലർക്കും കള്ളനോട്ട് കൈമാറിയിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു.കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫിഎന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Advertisement
Advertisement