രാസലഹരി ; എങ്ങനെ അറുക്കും നൈജീരിയൻ തായ്‌വേര്?

Friday 28 October 2022 12:00 AM IST

എം.ഡി.എം.എ നിർമ്മിക്കുന്ന മുഖ്യകണ്ണികൾ നൈജീരിയയിൽ മാത്രമാണെന്ന് ഒരുപോലെ സമ്മതിക്കുന്നുണ്ട് കേരളത്തിലെ പൊലീസും എക്സൈസും. എല്ലാ അന്വേഷണങ്ങളും ചെന്നെത്തുന്നത് നൈജീരിയൻ സംഘങ്ങളിലാണ്. അവിടെവച്ച് അന്വേഷണം വഴിമുട്ടും. രാസലഹരിയുടെ മൊത്തക്കച്ചവടക്കാരായ ഈ നൈജീരിയൻ സംഘങ്ങളുടെ തായ്‌വേര് എങ്ങനെയെങ്കിലും, എന്ത് വിലകൊടുത്തും അറുക്കാനായില്ലെങ്കിൽ രാജ്യം വലിയ വിലകൊടുക്കേണ്ടി വരും. ഈ സംഘങ്ങൾക്കു മുന്നിൽ നിസഹായരായി പൊലീസും എക്‌സൈസും തലകുനിക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. അന്വേഷണങ്ങളെല്ലാം ബംഗളുരൂവിലെത്തിയാൽ നിലയ്ക്കും. നൈജീരിയൻ സംഘങ്ങളുടെ വിതരണക്കാരായി ഉത്തരേന്ത്യക്കാരുമുണ്ടാകും. അവരെ മാത്രം പിടികൂടി കേസ് അവസാനിക്കും. നൈജീരിയക്കാരെ പിടികൂടാനും കഴിയില്ല.

രാസവസ്തുവായതിനാൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇവ കണ്ടെത്താനുള്ള ആധുനിക സൗകര്യങ്ങളില്ലെന്നാണ് വിവരം. ഒരു മില്ലിഗ്രാം പോലും ഉപയോഗിച്ചാൽ ഉയർന്ന ലഹരി ലഭിക്കുമെന്നതിനാൽ ഇത് കുറഞ്ഞ അളവിൽ കടത്തിക്കൊണ്ടുവന്നാലും ലാഭമാണ്. കേരളത്തിലുള്ളവർ ഇത് വാങ്ങിയശേഷം ഉപയോക്താക്കളുടെ നമ്പർ ശേഖരിച്ചാണ് വിൽപ്പന തുടങ്ങുക. ദിവസേന ഇടപാടിന് ഉപയോഗിക്കുന്നത് വ്യത്യസ്തഫോണുകളാകും. കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി ദമ്പതികൾ കൊരട്ടിയിൽ പിടിയിലായിരുന്നു. സ്ത്രീകളും വിദ്യാർത്ഥിനികളും മയക്കുമരുന്നിന്റെ കണ്ണികളാകുന്നതായും പറയുന്നു.

വിദ്യാർത്ഥികൾ

ഇരകളാകുമ്പോൾ

വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വാട്‌സ് ആപ് ഗ്രൂപ്പുകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നുണ്ടോ എന്ന് എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന നൈജീരിയൻ അധോലോക സംഘങ്ങളിൽ നിന്നും രാസവസ്തുക്കൾ വിലയ്ക്കുവാങ്ങി അന്യസംസ്ഥാനക്കാർ എം.ഡി.എം.എ നിർമ്മിക്കാൻ ശ്രമിച്ചതായി പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇടനിലക്കാരില്ലാതെ ബംഗളൂരുവിൽനിന്ന് നേരിട്ട് കേരളത്തിലെത്തിക്കുന്ന രീതി സജീവമാണെന്നും പറയുന്നു.

പൊലീസും ബോധവൽക്കരണത്തിന്റെ വഴിയിലാണ്. കഴിഞ്ഞ 17 മുതൽ ആരംഭിച്ച ഊർജ്ജിത ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി തൃശൂർ സിറ്റി പൊലീസിന് കീഴിൽ 20 സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ പരിപാടികൾ നടത്തി. ലഹരിയുടെ വിപത്തിനെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം.

ജനങ്ങളുടെ പൂർണമായ സഹകരണം ലഹരിവിരുദ്ധ പ്രചാരണത്തിന് അനിവാര്യമാണ്. അതിലൂടെ മാത്രമേ ലഹരിവിരുദ്ധ പ്രവർത്തനം വിജയം നേടൂ എന്നാണ് മന്ത്രിമാരും ജനപ്രതിനിധികളും ആവർത്തിച്ചുപറയുന്നത്. ലഹരിക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾക്ക് ചികിത്സയും ബോധവത്കരണവും കൗൺസിലിംഗും നൽകാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് എക്സൈസ് ഉന്നതഉദ്യോഗസ്ഥരും പറയുന്നത്.

കലാലയങ്ങൾ ഉണരട്ടെ

ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്‌കരണ പരിപാടികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ കലാലയങ്ങളിലും തുടക്കമായിരുന്നു. ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്താനുള്ള വിമുക്തിസന്ദേശം പരിപാടി മന്ത്രി ഡോ.ആർ. ബിന്ദു തൃശൂർ ശ്രീകേരളവർമ്മ കോളേജ് കാമ്പസിൽ നിർവഹിച്ചിരുന്നു.

ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരമുൾപ്പെട്ട 'ലഹരിക്കെതിരെ യുവത കാമറയെടുക്കുന്നു' പദ്ധതി, സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിലുള്ള 'മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്' പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്ക്കാരം എന്നിവയുടെ പ്രഖ്യാപനവുമുണ്ടായി. തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോ ചിത്രങ്ങൾ ക്യാമ്പസ് തലംതൊട്ട് സംസ്ഥാനതലം വരെ പ്രദർശിപ്പിക്കുന്നുണ്ട്. മികച്ച വീഡിയോയ്ക്ക് പുരസ്കാരം നൽകുന്നുമുണ്ട്. കലാപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തമുണ്ടാക്കി ലഹരിവിപത്ത് അടക്കമുള്ള ദുഷ്പ്രവണതകൾക്കെതിരെ സാംസ്കാരിക പ്രതിരോധമുയർത്തുന്ന 'മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്' പദ്ധതിയുമുണ്ട്.

ആയുർവേദവും എസ്.പി.സിയും വിമുക്തിയും കൈകോർത്തുള്ള ലഹരിവിരുദ്ധ കാമ്പയിനും തുടക്കമായിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് , സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, വിമുക്തി മിഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയും സഹകരിക്കുന്നുണ്ട്. സ്‌കൂളുകളിലെ എസ്.പി.സി കേഡറ്റ്, വിമുക്തി ക്ലബ്ബുകൾ എന്നിവയിലൂടെ ഒരു വിദ്യാലയത്തിന് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കി അവരുടെ സഹായത്താൽ കുട്ടികൾതന്നെ സഹപാഠികൾക്ക് ലഹരിവിരുദ്ധ ആശയം പകർന്നുകൊടുക്കുന്ന വിധത്തിലാണ് പരിപാടിയെന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ മേധാവി ഡോ:എം.എസ്.നൗഷാദ് പറഞ്ഞു.

വിദ്യാർത്ഥികളെ ബോധവത്‌കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബരജാഥകൾ, ലഹരിവിരുദ്ധ ക്യാംപയിൻ, വിമുക്തി ക്ലബ്ബുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യൽമീഡിയ പ്രചാരണം, ലഹരിവിരുദ്ധ കവിത - കഥരചനാ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

കലാലയങ്ങളിൽ രൂപീകരിച്ച ജാഗ്രതാ സമിതികളുടെ ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ നടക്കുന്നത്.

Advertisement
Advertisement