കാണാത്ത ലോകങ്ങൾ താണ്ടി സനിതയുടെ ആത്മഗതങ്ങൾ

Friday 28 October 2022 4:13 AM IST

തൃശൂർ: സഹജീവി സ്നേഹത്തിന്റെ ആത്മഗതങ്ങൾ "ഞാൻ കണ്ടത് നിങ്ങൾ കാണാത്തത് " രണ്ടാഴ്ചയ്ക്കുള്ളിൽ മലയാളവും കടന്ന് അറബി, തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി പതിപ്പുകളിലായി വായനക്കാരിലെത്തിയ സന്തോഷത്തിലാണ് വീട്ടമ്മയും എഴുത്തുകാരിയുമായ തൃശൂർ രാമവർമ്മപുരത്തെ സനിത പാറാട്ട് (51). സന്തോഷത്തിന് ഇരട്ടി മധുരവുമായി ജീവിതത്തിലാദ്യമായി വിദേശയാത്രയ്ക്കും ദുബായ് ഷേക്കുമായുള്ള കൂടിക്കാഴ്ചയ്ക്കും ആ സൃഷ്ടി അവസരമൊരുക്കിയിരിക്കുകയാണ്.

31ന് സനിത വിദേശത്തേക്ക് പറക്കും. 'ഞാൻ കണ്ടത്, നിങ്ങൾ കാണാത്തത്' എന്ന തന്റെ പുസ്തകത്തിന്റെ അറബി പരിഭാഷ 'അമാമ ഐനി' ദുബായ് ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് സമ്മാനിക്കും.

ദുബായ് ഷേക്കിന്റെ സഹജീവി സ്‌നേഹവും കാരുണ്യവുമാണ് അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് പിന്നിലെന്ന് സനിത പറയുന്നു. കഥയുടെ പ്രമേയവും അതാണ്. പൗരത്വ പ്രശ്‌നം, സ്വാതന്ത്ര്യം, പരിസ്ഥിതിപ്രശ്‌നം തുടങ്ങിയവ പക്ഷിമൃഗാദികളുടെ ആത്മഗതങ്ങളായി കഥയിലൂടെ വായനക്കാരിലെത്തുന്നു. സംവിധായകൻ സിദ്ദിക്കായിരുന്നു പുസ്തകപ്രകാശനം നിർവഹിച്ചത്.

മലയാളം, തമിഴ് പതിപ്പുകളുടെ കോപ്പികൾ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, സ്റ്റാലിൻ എന്നിവർക്ക് സമ്മാനിച്ചിരുന്നു. കോഴിക്കോട്ടെ ഡോ. അബ്ദുള്ള കാവിൽ അറബിയിലേക്കും ചെന്നൈയിലെ ജയശങ്കർ മേനോൻ തമിഴിലേക്കും ഇംഗ്‌ളീഷിലേക്കും കാലടി സംസ്‌കൃത സർവകലാശാല റിസർച്ച് സ്‌കോളർ കെ.എസ്.ശ്രീരാജ് ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തി. സനിതയുടെ കഥ തമിഴ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുമിടയുണ്ട്.

ആദ്യം ഷാർജ പുസ്തകോത്സവത്തിലെത്തുന്ന സനിത പിന്നീട് ദുബായിലെത്തി ഷേക്കിനെ കാണും. സനിതയുടെ സുഹൃത്തും കലിഗ്രാഫറുമായ മലപ്പുറത്തെ അബ്ദുൾറഹീമിന്റെ സുഹൃത്ത് ദുബായ് പാലസ് ജീവനക്കാരനാണ്. അദ്ദേഹം വഴിയാണ്, ഷേക്കിനെ കാണുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചത്.

തുടക്കം ഫേസ്ബുക്കിൽ

ഫേസ്ബുക്കിൽ കുറിപ്പുകളെഴുതിയായിരുന്നു തുടക്കം. ആദ്യ പുസ്തകം രണ്ടാംരാവ് (കഥകൾ). ഖബർ പറഞ്ഞത് എന്ന നോവലിന്റെ പണിപ്പുരയിലാണ്. ഭർത്താവ് റിട്ട. പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൾ റസാക്ക്, മക്കളായ അലിൻ മിർസ, (എൻജിനിയർ, ബംഗളൂരു), മുഹമ്മദ് യാസിൻ (ഡിഗ്രി വിദ്യാർത്ഥി) എന്നിവരുടെ പിന്തുണയുമുണ്ട്.

ഷേക്കിനോട് ആരാധനയാണ്. പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്ന സുൽത്താന്റെ ചിത്രം ഞാൻ കരുതിവച്ചിട്ടുണ്ട്.

സനിത പാറാട്ട്

Advertisement
Advertisement