മടക്കം നിയമസഭാ സ്വപ്നം ബാക്കിയാക്കി..

Thursday 27 October 2022 11:26 PM IST

കണ്ണൂർ: തുടർച്ചയായി പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സതീശൻ പാച്ചേനി ഏറെ പ്രതീക്ഷയോടെയാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചത്. എന്നാൽ ആ പ്രതീക്ഷയും അധിക നാൾ നീണ്ടു നിന്നില്ല. 2016 കണ്ണൂർ കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തിയ അദ്ദേഹം നിയമസഭാ പോരാട്ടത്തിനും ഇറങ്ങി. കോൺഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരിൽ 2016ൽ പോരിനിറങ്ങുമ്പോൾ ജയം ഉറപ്പിച്ചതായിരുന്നു.

പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോൽക്കാനായിരുന്നു വിധി. തോൽക്കുന്ന പാച്ചേനിക്ക് കണ്ണൂരിലിനി സീറ്റ് നൽകരുതെന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ വാശിപിടിച്ചെങ്കിലും 2021 ലും ടിക്കറ്റ് കിട്ടി. പക്ഷേ ഇക്കുറിയും വിജയം അകന്നു നിന്നു. പാർട്ടിക്കുള്ളിലുള്ളവർ കാലുവാരി തോൽപിച്ചതാണെന്ന പരിഭവം പാച്ചേനിയോടടുത്തവർ എന്നും ഉന്നിയിച്ചിരുന്നു. അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും ഒരിക്കലും സഭ കാണാനായില്ലെന്നതാണ് യാഥാർത്ഥ്യം. നിയമസഭയിൽ ഒരു തവണയെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാകും പാച്ചേനി ജനഹൃദയങ്ങളിൽ നിന്ന് മടങ്ങുന്നത്.

സതീശന്റെ അകാല ദേഹവിയോഗം തന്നെ സംബന്ധിച്ചിടത്തോളം അഗാധമായ ദുഖവും വേദനയുമാണെന്ന് രണ്ടു തവണ തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ പറഞ്ഞു. രണ്ടു തവണ ഞങ്ങൾ കണ്ണൂരിൽ മത്സരരംഗത്തുണ്ടായപ്പോഴും നിലനിന്നിരുന്ന സാഹോദരതുല്യമായ ബന്ധമാണുണ്ടായിരുന്നതെന്നും കടന്നപ്പള്ളി അനുസ്മരിച്ചു.

Advertisement
Advertisement