ട്രാൻ. സിറ്റി സർവീസുകൾ ആദ്യമായി ലാഭത്തിലേക്ക്

Friday 28 October 2022 2:36 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്.ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിലെ കണക്കനുസരിച്ച് 25 ഇലക്ട്രിക് ബസിൽ നിന്നും ഒരു മാസം ശരാശരി 40 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകുന്നുവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ.10 പുതിയ ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.5 എണ്ണം കൂടി അടുത്ത ആഴ്ച എത്തുമെന്നും അവ നവംബറിൽ നിരത്തുകളിലിറങ്ങും.

2021 നവംബർ 29നാണ് നഗരത്തിൽ 64 സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചത്.നിലവിൽ പ്രതിദിനം 34,000ത്തിലധികം യാത്രക്കാരാണ് സിറ്റി സർവീസുകളെ ആശ്രയിക്കുന്നത്.യാത്രാക്കാരുടെ എണ്ണം പ്രതിദിനം 50,000ൽ എത്തിക്കുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം.ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്ന് മുതലാണ് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തിൽ 25 പുതിയ ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമാക്കി നിരത്തിലിറക്കിയത്. കഴിഞ്ഞ ആഗസ്റ്റ്,സെപ്തംബർ മാസത്തെ കണക്കുകൾ വച്ച് ഒരു കിലോമീറ്റർ സർവീസ് നടത്താൻ 23 രൂപയാണ് ചെലവ്.ഇതിന്റെ ശരാശരി വരുമാനം കിലോമീറ്ററിന് 35 രൂപയാണ്.ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ചപ്പോൾ ഇന്ധനച്ചെലവിൽ ആഗസ്റ്റ് മാസം 28 ലക്ഷം രൂപയും,സെപ്തംബർ മാസം 32 ലക്ഷം രൂപയും ലാഭിക്കാനായി.സ്വിഫ്ട് ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തുന്നതിനാൽ ജീവനക്കാരുടെ ശമ്പളയിനത്തിൽ മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകുന്നു.ഇലക്ട്രിക് ബസുകൾക്ക് രണ്ടു വർഷത്തെ വാറന്റിയുള്ളതിനാൽ മെയിന്റിനൻസ് ഇനത്തിൽ ശരാശരി 1.8 ലക്ഷം രൂപയുടെ ലാഭവും ഉണ്ടാകുന്നുവെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഈ ചെലവുകൾ കൂടി കണക്കാക്കുമ്പോൾ പ്രവർത്തനലാഭം ഏകദേശം 40 ലക്ഷം രൂപയിൽ അധികമാണെന്നും കെ.എസ്.ആർ.ടി.സി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. 50 ഇലക്ട്രിക് ബസുകൾ നിരത്തിലി​റങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ചെലവിൽ ലാഭം ഉണ്ടാകുമെന്നും കെ.എസ്.ആർ.ടി.സി ചെയർമാൻ പറഞ്ഞു.

Advertisement
Advertisement