തെരുവ് നായ്ക്കളെ കുടുക്കാൻ 'ഷാർപ്പ്', ഉടൻ വരും ദ്രുതകർമ്മസേന

Friday 28 October 2022 12:00 AM IST

തൃശൂർ: തെരുവ്ുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായുളള ദ്രുതകർമ്മ സേനയായ 'ഷാർപ്പ്' (സ്‌ട്രേ അനിമൽ ഹ്യുമേൻ ഹാൻഡ്‌ലിംഗ് റെസ്‌ക്യൂ പ്‌ളാറ്റൂൺ) സേനാംഗങ്ങൾക്ക് പരിശീലനം ആരംഭിച്ചതോടെ, 150 ഓളം അംഗങ്ങളുളള ദ്രുതകർമ്മസേന ഉടൻ സജ്ജമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുളള സന്നദ്ധ സേനപ്രവർത്തകർക്ക് ശാസ്ത്രീയമായി തെരുവ് നായ്കളെ പിടികൂടുന്നതിനുള്ള അഞ്ച് ദിവസത്തെ പരിശീലനമാണ് തുടരുന്നത്.

തെരുവ് നായ്ക്കളെ ശാസ്ത്രീയമായി പിടികൂടി വന്ധ്യംകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്ക് ശേഷം അതത് സ്ഥലങ്ങളിൽ അവയെ തിരിച്ച് കൊണ്ടുവിടുന്നതിനുമുളള പ്രായോഗിക രീതികളാണ് പരിശീലിപ്പിക്കുന്നത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പരിശീലനം. നായ പിടുത്തത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ നിർമ്മാണം, ശാസ്ത്രീയ ഉപയോഗം എന്നിവയിൽ പ്രാവീണ്യമുള്ള വിദഗ്ദ്ധരുടെ നേത്യത്വത്തിൽ പ്രായോഗിക പരിശീലനവും നൽകുന്നുണ്ട്.

പരിശീലനാർത്ഥികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശീലകരോടൊപ്പം സഞ്ചരിച്ച് തെരുവ് നായ്കളെ പിടികൂടുന്ന തരത്തിലാണ് പരിശീലന സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിൽ നിന്നും അപേക്ഷിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകും. സംസ്ഥാനത്തെ മുഴുവൻ ഗ്രാമങ്ങളിലെ ആളുകൾക്കും ആവശ്യമായ തെരുവ് നായ് നിയന്ത്രണ സംരക്ഷണസേനാംഗങ്ങളെ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതിക്ക് വെറ്ററിനറി സർവകലാശാല തുടക്കം കുറിച്ചത്.

  • പരിശീലനത്തിലെ വിഷയങ്ങൾ:

നായ്ക്കളുടെ സ്വഭാവം, അക്രമണോത്സുകത, ജന്തുക്ഷേമം, ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള പരിപാലനം, തിരിച്ചറിയൽ, തെരുവുനായ പരിപാലന നിയന്ത്രണം, നിയമങ്ങൾ, പേവിഷബാധ, പൊതുജന സമ്പർക്കം.

സഹായവുമായി ജില്ലാ പഞ്ചായത്ത്

25ന് മണ്ണൂത്തി വെറ്ററിനറി കോളേജിൽ ആരംഭിച്ച ആദ്യബാച്ചിന്റെ പരിശീലനത്തിന് ജില്ലാ പഞ്ചായത്താണ് സാമ്പത്തിക സഹായം നൽകിയത്. സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ പ്രസിഡന്റ് ഡോ. വി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. ആദ്യബാച്ചിന്റെ സമാപന സമ്മേളനം 29ന് നാലിന് വെറ്ററിനറി കോളേജിൽ റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ജില്ലാ മ്യഗസംരക്ഷണ ഓഫീസർ ഡോ. ഫ്രാൻസിസ് ബാസ്റ്റിൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും.

കോർപറേഷൻ്റെ പദ്ധതി നടപ്പായില്ല

പഞ്ചായത്തുകളിലെ നായ്ക്കളെ കോർപറേഷൻ എ.ബി.സി സെന്ററിൽ വന്ധ്യംകരിക്കാനുള്ള നടപടികൾ കോർപറേഷനും ജില്ലാപഞ്ചായത്തും തുടങ്ങിയെങ്കിലും കരാർ സംബന്ധിച്ച അവ്യക്തത കാരണം തുടങ്ങാനായില്ല. വന്ധ്യംകരണത്തിന് ചെലവ് ജില്ലാ പഞ്ചായത്താണ് വഹിക്കുന്നത്. നായ്ക്കളെ പിടികൂടി വാക്‌സിനേഷനും വന്ധ്യംകരണവും നടത്തി പിടിച്ചയിടത്ത് തന്നെ കൊണ്ടുവിടുന്നത് അടക്കം കോർപറേഷൻ നടത്താനായിരുന്നു ലക്ഷ്യം. ഇതിനുള്ള ജീവനക്കാരെ നിയോഗിച്ചിരുന്നു. ഫണ്ട് അനുവദിച്ചെങ്കിലും ജില്ലാ പഞ്ചായത്തും കോർപറേഷനും തമ്മിലുള്ള കരാർ സംബന്ധിച്ച അവ്യക്തതകളാണ് വിലങ്ങുതടിയായതെന്ന് പറയുന്നു.

Advertisement
Advertisement