ബംഗാളിൽ ബി.ജെ.പി - സി.പി.എം ചർച്ച; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് തൃണമൂൽ

Friday 28 October 2022 12:21 AM IST

കൊൽക്കത്ത: ബംഗാൾ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ദീപാവലി ദിവസം മുതിർന്ന ബി.ജെ.പി നേതാക്കളടങ്ങുന്ന സംഘം സി.പി.എമ്മിന്റെ പ്രമുഖ നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടിൽ ചർച്ചയ്‌ക്കെത്തിയതിന് പിന്നാലെയാണ് ബംഗാളിൽ രാഷ്ട്രീയ വിവാദം തുടങ്ങിയത്.

എന്നാൽ സൗഹൃദ സന്ദർശനമാണ് നടന്നതെന്ന് അശോക് ഭട്ടാചാര്യ പറഞ്ഞു. ബി.ജെ.പി എം.പി രാജു ബിസ്ത, സിലിഗുഡി എം.എൽ.എ ശങ്കർ ഘോഷ് എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കളാണ് അശോക് ഭട്ടാചാര്യയുടെ സിലിഗുഡിയിലെ വീട്ടിലെത്തിയത്. ബംഗാളിൽ അടുത്ത വർഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്നും ആരോപണമുണ്ട്.

വടക്കൻ ബംഗാളിൽ സ്വാധീനമുള്ള നേതാവാണ് അശോക് ഭട്ടാചാര്യ. എന്നാൽ തൃണമൂലിനെ തോൽപിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ബി.ജെ.പി സി.പി.എമ്മിനെ ഒപ്പം കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷും ആരോപിച്ചു.

Advertisement
Advertisement