ഏറ്റവും ദുഃഖിതനായ ഗൊറില്ല: മോചിപ്പിക്കാൻ കഴിയാതെ മൃഗസ്നേഹികൾ

Friday 28 October 2022 1:27 AM IST

ബാംഗ്കോക്ക്: തായ്ലൻഡിലെ മൃഗാവകാശ പ്രവർത്തകരും മൃഗ സ്നേഹികളും നിരാശയിലാണ്. ലോകത്തിലെ ഏറ്റവും ദുഃഖിതനെന്നു വിശേഷിക്കപ്പെട്ടിരുന്ന ഗൊറില്ലയെ രക്ഷിക്കാൻ കഴിയാത്തതാണ് കാരണം. ഒരു ബഹുനില മാളിന് മുകളിൽ നിർമ്മിച്ചിട്ടുള്ള മൃഗശാലയിലെ കൂട്ടിൽ ബുവ നോയ് എന്ന ഗൊറില്ല 32 വർഷത്തിലേറെയായി ഒറ്റപ്പെട്ടു കഴിയുകയാണ്. 780,000 ഡോളറിൽ താഴെ (6.4 കോടി) വിലയ്ക്ക് ഗൊറില്ലയെ വിട്ടുനൽകാൻ ഉടമ തയ്യാറാകാത്തതിനെത്തുടർന്നാണ് മൃഗസ്നേഹികളുടെ പരിശ്രമം വിഫലമായത്. ഇതോടെ വീണ്ടും കൂട്ടിൽ തന്നെ കിടക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ബുവ നോയ്. 1990ൽ ഒരു വയസുള്ളപ്പോൾ ബാംഗ്കോക്കിലെ പാട്ട ഷോപ്പിംഗ് മാളിൽ കൊണ്ടുവന്നതാണ് ബുവനോയിയെ. അന്നുമുതൽ ഈ കൂട്ടിൽ തടവിലാണ് ഈ ഗൊറില്ല. 2015 മുതൽ തായ് സർക്കാരും മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് ആനിമൽസും (പെറ്റ) പോപ് താരം ചെറിനെ പോലുള്ള നിരവധി പ്രഗത്ഭരും ബുവ നോയിയുടെ മോചനത്തിനായി ശ്രമിച്ചു വരികയായിരുന്നു. പ്രായമായതോടെ ഇനിയെങ്കിലും മറ്റ് ഗൊറില്ലകൾക്കൊപ്പം സമാധാനപരമായി ബുവ നോയ് മരിക്കട്ടെയെന്ന പ്രതീക്ഷയോടെ ഗൊറില്ലയുടെ ഉടമയോട് മോചനത്തിനായി ഇവർ അഭ്യർത്ഥന നടത്തുകയും ചെയ്തു. ലോകത്തെ ഏറ്റവും ദുഃഖകരമായ സ്ഥലമാണ് ഈ മൃഗശാലയെന്ന് പെറ്റ സംഘടന അഭിപ്രായപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും ദുഃഖിതനായ ഗൊറില്ല എന്ന വിശേഷണം ബുവ നോയിയിൽ നിന്ന് എടുത്തു മാറ്റുകയും ചെയ്തു. തായ് പ്രകൃതി വിഭവ -പരിസ്ഥിതി മന്ത്രി വരാവൂട്ട് സിൽപ-ആർച്ചയോട് മൃശാലയുടെ ഉടമ 30 ദശലക്ഷം തായ് ബാറ്ര് നൽകിയാൽ മാത്രമേ ഗൊറില്ലയെ വിട്ടു നൽകു എന്നറിയിച്ചതായും റിപ്പോർട്ടുണ്ട്. ഗൊറില്ലയെ മോചിപ്പിക്കാൻ സർക്കാർ ധന ശേഖരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഉടമയുടെ ആവശ്യമനുസരിച്ചുള്ള തുക ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും ഉടമയുടെ വിസമ്മതമാണ് പ്രശ്നമെന്നും അധികൃതർ അറിയിച്ചു. ബുവ നോയിയെ സ്വകാര്യ സ്വത്തായി പരിഗണിച്ചിട്ടുള്ളതു കൊണ്ടാണ് സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്തതെന്നും അധികൃതർ പറയുന്നു. ബുവ നോയ് എന്നതിന്റെ അർത്ഥം ചെറിയ താമര എന്നാണ്.

Advertisement
Advertisement