ഷാരോണിന് കാമുകി ആസിഡ് കൊടുത്ത് കൊന്നതെന്ന് കുടുംബം, പിന്നിൽ അന്ധവിശ്വാസം? യുവാവിനെക്കൊണ്ട് നിർബന്ധിച്ച് താലി കെട്ടിച്ചിരുന്നെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: പാറശാലയിലെ യുവാവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കുടുംബം. പാറശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജന്റെ മകൻ ഷാരോൺ രാജ് (23) ആണ് മരിച്ചത്. ആസിഡ് നൽകി കൊലപ്പെടുത്തിയതാണെന്നും, പൊലീസ് കൊലപാതക സാദ്ധ്യത അന്വേഷിക്കുന്നില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കാമുകി നൽകിയ ജ്യൂസ് കുടിച്ചതോടെയാണ് ഷാരോൺ അവശനായതെന്ന് ബന്ധുക്കൾ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഈ മാസം പതിനാലിനാണ് ഷാരോൺ രാജ് കാമുകിയുടെ വീട്ടിലെത്തിയത്. അവിടെനിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ അവശനാകുകയായിരുന്നു. പാറശാല ആശുപത്രിയിലും മെഡിക്കൽ കോളേജിലും ദിവസങ്ങളോളം ചികിത്സയിലായിരുന്ന യുവാവ് ചൊവ്വാഴ്ചയാണ് മരിച്ചത്.
'മിലിട്ടറി ഉദ്യോഗസ്ഥനുമായുള്ള എൻഗേജ്‌മെന്റ് തന്റെ സമ്മതപ്രകാരമല്ലെന്നാണ് കാമുകി ഷാരോണിനെ വിളിച്ച് പറഞ്ഞത്. അതിനുശേഷം കുറച്ച് ദിവസം ഇവൻ അകന്നുനിൽക്കുകയായിരുന്നു. ഇവന്റെ കൈവശം ഇവർ തമ്മിലുള്ള ഫോട്ടോസും വീഡിയോസുമൊക്കെയുണ്ട്. അത് കൈക്കലാക്കാൻ ഇവൾ വീണ്ടും വാട്സാപ്പ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
കഴിഞ്ഞ പതിനാലാം തീയതി രാവിലെ ഒൻപത് മണിക്ക് അവൾ വിളിച്ചു. വണ്ടി ശരിയായില്ലെന്ന് അവൻ പറഞ്ഞു. അതിനുശേഷം വീണ്ടും വിളിച്ച്, അച്ഛനും അമ്മയും പുറത്തുപോകാൻ നിൽക്കുകയാണെന്നും വരണമെന്നും പറഞ്ഞു. അങ്ങനെ ഇവൻ കൂട്ടുകാരനൊപ്പമാണ് പോയത്.
ഷാരോൺ അകത്ത് കയറി. സുഹൃത്ത് പുറത്തുനിൽക്കുകയായിരുന്നു. ഇവൻ ഛർദിച്ച്, വയറിൽ കൈവച്ചുകൊണ്ടാണ് പുറത്തേക്ക് വന്നത്. ചോദിച്ചപ്പോൾ കഷായവും ജ്യൂസും കുടിച്ച വിവരം പറഞ്ഞു. പിന്നീട് മജിസ്‌ട്രേറ്റിന്റെയടുത്ത് ഇവൻ മൊഴി നൽകിയിട്ടുണ്ട്.
പിന്നീട് ഇവർ തമ്മിൽ വാട്സാപ്പ് ചാറ്റുണ്ട്. ഞാൻ ആകെ അവശനാണെന്നും നീ എനിക്ക് തന്ന കഷായത്തിന്റെ പേര് എന്താണെന്നും ഇവൻ ചോദിച്ചപ്പോൾ, കഷായത്തിലായിരിക്കില്ല, ജ്യൂസിലായിരിക്കും സംഭവിച്ചതെന്നാണ് അവൾ മറുപടി നൽകിയത്. വായ മുഴുവൻ വിണ്ടുകീറിയതുപോലെയായി. കൊലപാതകം തന്നെയാണ്. പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും പങ്കുണ്ട്.'- യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു.
'അന്ധവിശ്വാസത്തിന്റെ ഒരു എലമെന്റ് ഇതിലുണ്ട്. ഇവനെ കൊണ്ടുപോയി നിർബന്ധിച്ച് താലികെട്ടിക്കുകയും കുങ്കുമം തൊടുവിപ്പിക്കുയും ചെയ്തു. എല്ലാ ദിവസവും വൈകിട്ട് കുങ്കുമം തൊട്ട് ഇവന് വാട്സാപ്പിൽ ഫോട്ടോ അയച്ചുകൊടുക്കുമായിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു അവളും മിലിട്ടറിക്കാരനുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. അത് ഫെബ്രുവരിയിലേക്ക് മാറ്റി. ജാതകപ്രകാരം നവംബറിന് മുൻപ് വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരണപ്പെടും അതുകൊണ്ടാണ് അച്ഛനും അമ്മയും ഫെബ്രുവരിയിലേക്ക് കല്യാണം മാറ്റിയതെന്നാണ് ഇവന്റെയടുത്ത് പറഞ്ഞിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ ഇവനെ കൊണ്ടുപോയി താലികെട്ടുകയും മറ്റും ചെയ്തത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്.' - ബന്ധു പറഞ്ഞു.