ചിറക്കൽ ചിറ നവീകരിച്ച് മന്ത്രിയുടെ പ്രഖ്യാപനം : ഇറിഗേഷൻ ടൂറിസത്തിൽ ഇടം

Friday 28 October 2022 8:21 PM IST
നവീകരിച്ച ചിറക്കൽ ചിറ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇറിഗേഷൻ ടൂറിസത്തിൽ ഉൾപ്പെടുത്തി ചിറക്കൽ ചിറ സൗന്ദര്യവൽക്കരിക്കുമെന്ന്മന്ത്രി റോഷി അഗസ്റ്റിൻ. നവീകരണ ഉദ്ഘാടനം നിർവഹിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപ അനുവദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചിറക്കൽ ചിറയുടെ നവീകരണം വലിയ സാഹസിക ദൗത്യമായിരുന്നു. ചിറയെ മികച്ച രീതിയിൽ സംരക്ഷിക്കും. ചിറക്ക് ചുറ്റും സന്ദർശകരെ ആകർഷിക്കാൻ ഇരിപ്പിടങ്ങളടക്കം ഒരുക്കും. വിശ്വാസപരമായ എല്ലാ കാര്യങ്ങളും മനസിലാക്കിയായിരിക്കും സൗന്ദര്യവത്ക്കരണം ക്രമപ്പെടുത്തുകയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഉദ്ഘാടനചടങ്ങിൽ കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്ര വർമ്മ രാജ മുഖ്യാതിഥിയായി. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, അംഗം കെ.ലത, മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ എം.കെ. മനോജ്, അസി. എക്സിക്യൂട്ടിവ് എൻജിനിയർ പി.സുരേഷ് ബാബു സംസാരിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ചിറ

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ചിറകളിലൊന്നാണ് ചിറക്കൽ ചിറ.കാലങ്ങളായി അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കിയും പടവുകൾ പുനർനിർമ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയുമാണ് ചിറയുടെ നവീകരണം.ചിറക്കൽ കോവിലകത്തിന്റെ അധീനതയിലുള്ള ചിറ വ്യവസ്ഥകളോടെ ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്.മഴക്കാലത്ത് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴുകി വരുന്ന അഴുക്ക് വെള്ളം ചിറയിലേക്ക് പ്രവേശിക്കുന്നത് തടയാൻ സംരക്ഷണ ഭിത്തിയുടെ മുകളിലായി പാരപറ്റ് വാളും നിർമ്മിച്ചിട്ടുണ്ട്.

കണക്കുകളിൽ

നിർമ്മാണകാലം - 350 വർഷം

വിസ്തൃതി -15 ഏക്കർ

ജലസംഭരണശേഷി -1339.42 ലക്ഷം ലിറ്റർ

നീക്കിയത് -53949 ക്യുബിക് മീറ്റർ മണ്ണ്

ചരിത്രമറിയണം
1662 ഇവിടെ ബൊമ്മാഞ്ചേരി വയലും അതിന്റെ നടുവിൽ ഒരു കുളവും നിലനിന്നിരുന്നു. ഈ കുളമാണ് വിസ്തൃതി കൂട്ടി ചിറക്കൽ ചിറയാക്കിയത്. ഇരുപത് വർഷത്തിനുശേഷമാണ് ചിറക്കൽ കോവിലകം നിർമ്മിച്ചത്‌

Advertisement
Advertisement