കിഴുവിലം പഞ്ചായത്തിലെ കർഷകർക്കും പറയാനുണ്ട് കണ്ണീരിന്റെ കഥ

Saturday 29 October 2022 1:39 AM IST

മുടപുരം: കിഴുവിലം പഞ്ചായത്തിലെ നെൽകർഷകർക്ക് പറയാനുള്ളത് കണ്ണീർക്കഥകൾ മാത്രം. ഇക്കഴിഞ്ഞ വിളവ് യഥാസമയത്ത് കൊയ്തെടുക്കാൻ കഴിയാതായതോടെ കർഷകർ വൻ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൃഷി ഇറക്കിയ പാടങ്ങൾ കഴിഞ്ഞ മാസം അവസാനം കൊയ്തെടുക്കാൻ പാകത്തിലായി. നല്ല വിളവായതിനാൽ വലിയ സന്തോഷത്തിലായിരുന്നു കർഷകർ. എന്നാൽ സമയത്ത് കൊയ്ത്തുയന്ത്രം ലഭിച്ചില്ല. കൊയ്ത്തുയന്ത്രം വന്നപ്പോഴാകട്ടെ വയലിൽ വെള്ളം. കൊയ്ത്തുയന്ത്രത്തിന് വയലിൽ ഇറങ്ങാനായില്ല. പിന്നെ കൊയ്ത്തുയന്ത്രം വന്നതുമില്ല, തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് കൊയ്യാമെന്ന് കരുതിയാൽ അതും ലഭിച്ചതുമില്ല. അതിനാൽ വലിയ കൂലി നൽകി നാട്ടിലെയും ബംഗാളി തൊഴിലാളികളെയും കൊണ്ട് കൊയ്തെടുക്കുകയാണ് കർഷകർ ചെയ്തത്. എന്നിട്ടും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ല. കൊയ്തെടുക്കാനുണ്ടായ കാലതാമസം മൂലം പാടം കരിഞ്ഞുണങ്ങിയതിനാൽ പകുതി നെല്ലുപോലും ലഭിച്ചില്ല. അതിനാൽ ചില കർഷകർ കൊയ്തെടുക്കാൻ മുതിർന്നില്ല. ഇതുമൂലം വലിയ ഏലായിലേയും മുടപുരം പാടശേഖരത്തെയും നെൽകർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി.

 കർഷകർക്ക് നഷ്ടം

ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരമാണ് വലിയ ഏലാ. ഏകദേശം 60 ഏക്കറോളം നീണ്ടുകിടക്കുന്ന പാടമാണ് ഇത്‌. വൈദ്യന്റെ മൂക്ക്, തോട്ടവാരം, വലിയഏലാ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന പാടം. മുടപുരം ഏലായിൽ 12 ഹെക്ടറിൽ കൃഷിയിറക്കി. കൊയ്‌ത്ത് യന്ത്രത്തിന്റെ അപര്യാപ്തതയാണ് കർഷകർക്ക് നഷ്ടം വരുത്തിയത്. മിനിമം മൂന്ന് യന്ത്രങ്ങൾ വേണ്ട സ്ഥലത്ത്, ഒന്ന് മാത്രമാണുള്ളത്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കൃഷിക്കുവേണ്ടി സാധനസാമഗ്രികൾ നൽകുമ്പോൾ അത് വേണ്ടവിധത്തിൽ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് പ്രശ്നമുണ്ടാവാൻ കാരണമെന്ന് കർഷകർ പറയുന്നു.

Advertisement
Advertisement