രാജസ്ഥാനിൽ പെൺകുട്ടികളെ വിൽക്കൽ; നടപടിയുമായി ദേശീയ വനിതാ കമ്മിഷൻ

Saturday 29 October 2022 12:58 AM IST

ന്യൂഡൽഹി: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനായി പെൺകുട്ടികളെ മുദ്രപ്പത്രമെഴുതി ലേലത്തിൽ വില്‌പന നടത്തിയതായി പറയപ്പെടുന്ന സംഭവത്തിൽ നടപടിയെടുത്ത് ദേശീയ വനിതാ കമ്മിഷൻ. അന്വേഷണത്തിനായി ഒരു സംഘത്തെ നിയോഗിച്ചതായി വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ അറിയിച്ചു. അടിയന്തര നടപടിയെടുത്ത് കമ്മിഷനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കമ്മിഷൻ കത്തയച്ചു. കുറച്ചു വ‌ർഷങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് ചീഫ് സെക്രട്ടറി, ഭിൽവാര പൊലീസ് സൂപ്രണ്ട് എന്നിവരെ കാണുമെന്നും രേഖ ശർമ്മ പറഞ്ഞു.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷനും ഡി.ജി.പിക്കും ഭിൽവാര കലക്ടർക്കും നോട്ടീസ് നൽകി. അടിയന്തര നടപടിയെടുത്ത് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷന്റെ ഉത്തരവ്. ചൈൽഡ് റൈറ്റ്സ് ചെയർപേഴ്സൺ സംഗീത ബെനിവാൾ ഭിൽവാര സംഭവത്തെ അപലപിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ വിറ്റതായുള്ള റിപ്പോർട്ട് ലഭിച്ചത് കൂടാതെ ജാതി പഞ്ചായത്തുകളുടെ ആജ്ഞകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ കുട്ടികളുടെ അമ്മമാരെ മാനഭംഗം ചെയ്യുന്ന രീതി നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ​ രാജസ്ഥാൻ സർക്കാരിന് നോട്ടീസ് അയച്ചു.

അതേസമയം,​ പെൺകുട്ടികളെ ലേലം ചെയ്ത് വില്ക്കുന്നുവെന്ന റിപ്പോർട്ടുകൾ രാജസ്ഥാൻ മന്ത്രി പ്രതാപ് ഖചാരിയവാസ് നിഷേധിച്ചു. അന്വേഷിക്കേണ്ട വിഷയമാണെന്നും സത്യാവസ്ഥ എന്തെന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല,​ ദേശീയ മനുഷ്യാവകാശകമ്മിഷൻ രാജസ്ഥാൻ പൊലീസിനോടാണ് ഇക്കാര്യങ്ങൾ പറയേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ രാജസ്ഥാനിലെ പല ഗ്രാമങ്ങളിലും നടക്കുന്നതായി 26ന് വിവിധ മാദ്ധ്യമങ്ങളിൽ റിപ്പോർട്ടു വന്നിരുന്നു. ഭിൽവാരയിൽ പല വിഭാഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായാൽ പൊലീസിൽ പരാതി നൽകുന്നതിനു പകരം ഒത്തുതീർപ്പിനായി ഇത്തരം ജാതി പഞ്ചായത്തുകളെയാണ് സമീപിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഒത്തുതീ‌ർപ്പിന് പെൺകുട്ടികൾക്ക് പറ്റാതായാൽ അവരുടെ അമ്മമാരെ മാനഭംഗം ചെയ്യാനുള്ള ഉത്തരവും ഇവർക്കിടയിൽ നിലനിൽക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.ഒത്തുതീർപ്പിന്റെ ഭാഗമായി സ്റ്രാമ്പ് പേപ്പറിൽ ഒപ്പിട്ട് പെൺകുട്ടികളെ വേശ്യാവൃത്തിക്ക് വിൽക്കുന്ന നിരവധി സംഭവങ്ങൾ ഗ്രാമങ്ങളിൽ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ കമ്മിഷന് ലഭിച്ചു.എത്രയും വേഗം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് രാജസ്ഥാൻ ഡി.ജി.പിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ കത്തയച്ചിട്ടുണ്ട്.

Advertisement
Advertisement