ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി സമാപനം: ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്യും

Saturday 29 October 2022 1:06 AM IST

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെയും ക്ഷേത്ര പുനരുദ്ധാരണ സുവർണ്ണ ജൂബിലിയുടെയും സമാപനം നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഒന്നാം തീയതി വൈകിട്ട് 6 ന് തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മെഡിക്കൽ സെന്ററിലെ നവീകരിച്ച എക്‌സ് റേ യൂണിറ്റ് സമർപ്പണം, സത്യഗ്രഹ നവതി സ്മരണിക സമ്പൂർണ്ണ പതിപ്പ് സമർപ്പണം, സത്യഗ്രഹസ്മൃതി ചിത്രപ്രദർശനം, മാദ്ധ്യമ ശിൽപ്പശാല, സത്യഗ്രഹ സേനാനി കുടുംബാംഗങ്ങൾക്ക് ആദരം എന്നീ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനാകും. എൻ.കെ.അക്ബർ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളാകും. സത്യഗ്രഹത്തിന് നേതൃത്വം നൽകിയ കെ.കേളപ്പൻ, സത്യഗ്രഹ മാനേജരായിരുന്ന എ.സി.രാമൻ എന്നിവരുടെ കുടുംബാംഗങ്ങളെ ആദരിക്കും. ഗുരുവായൂരിലെ മാദ്ധ്യമ പ്രവർത്തകർക്കും മാദ്ധ്യമ പഠന വിദ്യാർത്ഥികൾക്കുമായി നവംബർ രണ്ടിന് ദേവസ്വം മാദ്ധ്യമ ശിൽപശാല നടത്തും. സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ ശിൽപശാലയിൽ പങ്കെടുക്കും. മാദ്ധ്യമ പ്രവർത്തകരായ ഉണ്ണി കെ.വാര്യർ, കെ.ജെ.ജേക്കബ്ബ്, ബി.മുരളികൃഷ്ണൻ, നവമാദ്ധ്യമ സംരംഭകൻ അജിത് കെ.സിറിയക്ക് എന്നിവർ പങ്കെടുക്കും.

Advertisement
Advertisement