പൊതുതിരഞ്ഞെടുപ്പിന് സമ്മർദ്ദം, ലോംഗ് മാർച്ചുമായി ഇമ്രാൻ

Saturday 29 October 2022 5:15 AM IST

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഷെഹ്‌ബാസ് ഷെരീഫ് ഭരണകൂടത്തെ താഴെയിറക്കി രാജ്യത്ത് ഉടൻ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ലാഹോർ മുതൽ ഇസ്ലാമാബാദ് വരെയുള്ള 'ഹഖീഖി ആസാദി ലോംഗ് മാർച്ചി"ന് തുടക്കം. ലാഹോറിലെ ലിബേർട്ടി ചൗക്കിൽ നിന്ന് ഇന്നലെ ആരംഭിച്ച റാലി നവംബർ 4ന് ഇസ്ലാമാബാദിലേക്ക് പ്രവേശിക്കും.

ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിക്കേണ്ടിയിരുന്ന ലോംഗ് മാർച്ച് വൈകിട്ടോടെയാണ് ആരംഭിച്ചത്. ആയിരക്കണക്കിന് പി.ടി.ഐ അംഗങ്ങൾ ഇന്നലെ ലാഹോറിൽ അണിനിരന്നു. കാരവാനിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്താണ് 'യഥാർത്ഥ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മാർച്ച്" എന്ന് വിശേഷിപ്പിക്കുന്ന ലോംഗ് മാർച്ചിന് ഇമ്രാൻ തുടക്കം കുറിച്ചത്.

ഏഴ് ദിവസം നീളുന്ന 380 കിലോമീറ്റർ യാത്രയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇമ്രാൻ അനുകൂലികൾ അണിനിരക്കും. വിവിധ നഗരങ്ങളിൽ ഇമ്രാൻ അഭിസംബോധന നടത്തും. ഇസ്ലാമാബാദിലെ ഒരു മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഷെഹ്‌ബാസ് ഭരണകൂടം ഇമ്രാന് അനുമതി നൽകിയിട്ടുണ്ട്. ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച് നടത്തുന്നത് തടയാനുള്ള ഉത്തരവിന് പാക് സർക്കാർ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.

പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കുമെന്നും തന്റെ അനുയായികൾ ഇസ്ലാമാബാദിൽ സർക്കാർ സ്ഥാപനങ്ങളും എംബസികളും സ്ഥിതി ചെയ്യുന്ന റെഡ് സോണിൽ പ്രവേശിക്കുകയോ ഉപരോധം സംഘടിപ്പിക്കുകയോ ചെയ്യില്ലെന്ന് ഇമ്രാൻ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് പാർലമെന്റിലെ അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്.

തന്നെ പുറത്താക്കാൻ രാഷ്ട്രീയ എതിരാളികൾ യു.എസുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇമ്രാന്റെ ആരോപണം. എന്നാൽ യു.എസ് ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആവർത്തിച്ചിരുന്നു. അടുത്ത വർഷം ആഗസ്റ്റിൽ കാലാവധി പൂർത്തിയാകുമ്പോൾ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സർക്കാർ പറയുന്നത്.

ഇമ്രാന്റെ ലോംഗ് മാർച്ചിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ സുരക്ഷ ശക്തമാക്കി. ഇമ്രാന്റെ പ്രതിഷേധങ്ങൾക്ക് നേരെ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇമ്രാന്റെ പ്രതിഷേധങ്ങൾ ഇസ്ലാമാബാദിലെ സുരക്ഷയെ ബാധിച്ചാൽ ആർമിയെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി റാണാ സനുവള്ള പറഞ്ഞു.

 ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ

ലോംഗ് മാർച്ചിന് മുന്നോടിയായി ലാഹോറിൽ നടത്തിയ അഭിസംബോധനയ്ക്കിടെ ഇന്ത്യയെ വീണ്ടും പ്രശംസിച്ച് ഇമ്രാൻ ഖാൻ. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പുകഴ്ത്തിയ ഇമ്രാൻ യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ പാശ്ചാത്യ സമ്മർദ്ദമുണ്ടായിട്ടും ദേശീയ താത്പര്യം മുൻനിറുത്തി റഷ്യൻ എണ്ണ വാങ്ങിയ ന്യൂഡൽഹിയുടെ നടപടിയേയും പ്രശംസിച്ചു.

ജനങ്ങളുടെ ക്ഷേമത്തിന് തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത അടിമകളാണ് ഇപ്പോഴത്തെ പാക് സർക്കാരെന്ന് ഇമ്രാൻ വിമർശിച്ചു. പാക് ഇന്റർലിജൻസ് ഏജൻസിയായ ഐ.എസ്.ഐയെ പറ്റി നിരവധി കാര്യങ്ങൾ തനിക്കറിയാമെന്നും അത് തനിക്ക് വെളിപ്പെടുത്താനാകുമെന്നും എന്നാൽ രാജ്യസുരക്ഷ കണക്കിലെടുത്താണ് മിണ്ടാതിരിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു.

Advertisement
Advertisement