മാരക വൈറസ് : ജീവനുള്ള പ്രാവുകൾ സോംബികളാകുന്നു !

Saturday 29 October 2022 5:16 AM IST

ലണ്ടൻ : പ്രാവുകളെ ' സോംബി"കളാക്കുന്ന മാരക വൈറസിനെതിരെ മുന്നറിയിപ്പുമായി യു.കെ അധികൃതർ. പിജൻ പാരമൈക്സോ വൈറസ് അഥവാ ' പി.പി.എം.വി " എന്നറിയപ്പെടുന്ന ഈ വൈറസ് ബാധിക്കുന്ന പ്രാവുകളിൽ ശക്തമായി വളച്ചൊടിച്ച പോലുള്ള കഴുത്തും വിറയ്ക്കുന്ന ചിറകുകളും കാണപ്പെടുന്നു. ' ന്യൂ‌കാസിൽസ് ഡിസീസ് " എന്നും അറിയപ്പെടുന്ന വൈറസ് ബാധ പ്രാവുകളുടെ നാഡീ വ്യൂഹത്തെയാണ് ബാധിക്കുന്നത്. വൈറസ് ശരീരത്തിൽ കടന്നുകൂടുന്നതിന് പിന്നാലെ പ്രാവുകളുടെ ഭാരം ക്രമാതീതമായി കുറയുകയും പറക്കാനാകാതെ അവ വട്ടം ചുറ്റി നടക്കുകയും ചെയ്യുന്നു. വൈറസ് മനുഷ്യരെ ബാധിക്കില്ലെങ്കിലും രോഗബാധയുള്ള പ്രാവുകളെ പരിചരിക്കുന്നവരിൽ ചെങ്കണ്ണ് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശമുണ്ട്. സാങ്കല്പിക കഥകളിലെ സോംബികളെ പോലെ തോന്നിക്കുമെന്നതിനാൽ വൈറസ് ബാധിച്ച പ്രാവുകളെ പൊതുവെ ' സോംബി പ്രാവുകൾ" എന്നാണ് വിളിക്കുന്നത്. നിലവിൽ ചാനൽ ഐലൻഡ്സിലെ ജേഴ്സി ദ്വീപിൽ മാത്രമാണ് പ്രാവുകളിൽ സോംബി വൈറസിനെ വ്യാപകമായി കണ്ടെത്തിയിരിക്കുന്നത്. ഏതാനും പ്രാവുകളെ മൃഗസംരക്ഷണ പ്രവർത്തകർ ദയാവധത്തിന് വിധേയമാക്കി. പ്രാവുകളെ വളർത്തുന്നവർ അവയെ വാക്സിനേഷന് വിധേയമാക്കണമെന്നും ആവശ്യമെങ്കിൽ ഡോക്ടർമാരുടെ സേവനം തേടണമെന്നും അധികൃതർ അറിയിച്ചു. പ്രാവുകളെ വളർത്തുന്ന ചുറ്റുപാടും അണുവിമുക്തമായി സൂക്ഷിക്കുകയും വേണം. വൈറസ് ബാധിച്ചു കഴിഞ്ഞാൽ പിന്നെ ചികിത്സ ലഭ്യമല്ല. രോഗ ബാധിതരായ പ്രാവുകൾ ദിവസങ്ങൾക്കുള്ളിൽ ചത്തുപോകും. രോഗം ബാധിച്ച പ്രാവുകളുടെ കാഷ്ഠം, ശരീര സ്രവങ്ങൾ എന്നിവയിലൂടെ രോഗം അതിവേഗം മറ്റ് പ്രാവുകളിലേക്കും പടരുന്നു. പ്രാവുകൾക്ക് പുറമേ കോഴി ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെയും ഈ വൈറസ് ബാധിക്കാം.

Advertisement
Advertisement