ശസ്ത്രക്രിയ നിർദ്ദേശിച്ച ഡോക്ടറെ രോഗി മർദ്ദിച്ചെന്ന് പരാതി

Sunday 30 October 2022 1:22 AM IST

തിരുവനന്തപുരം : ചികിത്സ തേടിയെത്തിയ രോഗിയോട് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച ഡോക്ടറെ മർദ്ദിച്ചതായി പരാതി. ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത മണക്കാട് സ്വദേശി വസീറിനെ (25) കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. രാവിലെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം സർജറി ഒ.പിയിലെത്തിയ വസീറിനെ ഡോ.ശോഭ പരിശോധിച്ച ശേഷം സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് അയച്ചു.രണ്ട് മണിയോടെയാണ് പരിശോധനാ ഫലങ്ങളുമായി വസീർ മടങ്ങിയെത്തിയത്. സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ വൃക്കയിൽ കല്ലിന്റെ പ്രശ്‌നമാണെന്നും കിടത്തി ചികിത്സ വേണ്ടിവരുമെന്നും അറിയിച്ചു. ഇത് കേട്ടതോടെ ഇയാൾ പെട്ടെന്ന് പ്രകോപിതനായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഡോക്ടറിൽ നിന്ന് ഒ.പി ടിക്കറ്റും മറ്റു പരിശോധന രേഖകളും പിടിച്ചുവാങ്ങി. എനിക്ക് ചികിത്സ വേണ്ടെന്ന് ആക്രോശിച്ച് ഡോക്ടറുടെ കൈയിൽ അടിച്ചു. ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ തടഞ്ഞു. മർദ്ദനത്തിന് ഇരയായ ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സി.ഐ ഷാഫിയുടെ നേതൃത്വത്തിൽ കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകണമെന്നും അലംഭാവം ഉണ്ടായാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോക്ടർ അരുൺ .എ. ജോൺ ജില്ലാ സെക്രട്ടറി ഡോക്ടർ. പത്മപ്രസാദ് എന്നിവർ അറിയിച്ചു.

Advertisement
Advertisement