താറാവിന്റെ 'താരമൂല്യം' ഇല്ലാതാക്കി പക്ഷിപ്പനി

Sunday 30 October 2022 12:26 AM IST

ക്രിസ്‌മസ് വിപണിയിൽ താറാവുകൾക്ക് ഇടിവ്

ആലപ്പുഴ: താറാവ് 'താര'മാകുന്ന ക്രിസ്‌മസിലേക്ക് കേവലം ഒരു മാസം ശേഷിക്കെ, വിപണിയെ പക്ഷിപ്പനി സാരമായി ബാധിക്കുമെന്ന് വിലയിരുത്തൽ. എല്ലാത്തവണയും ക്രിസ്മസിനോട് അനുബന്ധിച്ചാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത് എന്നതാണ് ഇത്തവണയും ആശങ്കയാവുന്നത്.

രോഗം വ്യാപകമാകുന്ന വർഷങ്ങളിൽ താറാവിറച്ചി വിപണിയിൽ ഇടിവ് പ്രകടമാണ്. നിലവിൽ ഹരിപ്പാട് നഗരസഭ പരിധിയിലാണ് താറാവ്, കോഴി, ഇവയുടെ മുട്ട എന്നിവ ഉപയോഗിക്കുന്നതിനും വിപണനത്തിനും വിലക്കുള്ളതെങ്കിലും രോഗവ്യാപന സാദ്ധ്യത വിപണിയെ മൊത്തത്തിൽ ബാധിക്കാനാണ് സാദ്ധ്യത. ക്രിസ്മസ് കച്ചവടം ലക്ഷ്യമിട്ട് കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിലെ ഹാച്ചറികളിൽ പതിനായിരക്കണക്കിന് താറാവുകളെയാണ് വളർത്തുന്നത്. മൂന്ന് മാസം കൊണ്ട് ഇവ വിൽപ്പനയ്ക്ക് തയ്യാറാവും. ഒരു താറാവിന് പരമാവധി 350 രൂപ വരെ ലഭിക്കും.

ജില്ലയിൽ പക്ഷിപ്പനിയാണെന്ന പ്രചാരണം ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ട്. കൊവിഡിൽ നിന്ന് കരകയറുന്നതിനിടെ പക്ഷിപ്പനി ടൂറിസം മേഖലയ്ക്ക് ഭീഷണിയായിരിക്കുകയാണ്.

# പക്ഷിപ്പനിയെ തുടർന്ന് നശിപ്പിച്ച താറാവുകൾ

2014: 2 ലക്ഷത്തോളം

2016: 5 ലക്ഷത്തോളം

2018: 10000ൽ അധികം

2021: 25000ൽ അധികം

2022: 15867 (ഇതുവരെ)

ജില്ലയിൽ ഹരിപ്പാട് ഭാഗത്ത് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും വിപണിയെ ആകെ രോഗബാധ തകർത്തിട്ടുണ്ട്. കുട്ടനാടൻ താറാവുകൾക്ക് ഏറ്റവും ഡിമാൻഡുളള സമയമാണ് ക്രിസ്‌മസ് കാലം. വീണ്ടും രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഈ വർഷം താറാവുകളെ വളർത്താൻ ചെലവാക്കിയ മുഴുവൻ തുകയും നഷ്ടപ്പെടും

വി. വർഗീസ്, താറാവ് കർഷകൻ, ചമ്പക്കുളം

Advertisement
Advertisement