ക്രൈമിയയിൽ ഡ്രോൺ ആക്രമണം, വാതക ലൈൻ തകർത്തത് ബ്രിട്ടണെന്ന് റഷ്യ

Sunday 30 October 2022 5:40 AM IST

മോസ്കോ : ക്രൈമിയൻ തുറമുറ നഗരമായ സെവാസ്‌റ്റോപോളിൽ റഷ്യൻ നാവിക സേനയുടെ കരിങ്കടൽ ഫ്ലീറ്റിന് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. ആക്രമണത്തിൽ തങ്ങളുടെ ഒരു യുദ്ധക്കപ്പലിന് കേടുപാടുണ്ടായതായെന്നും ഒമ്പത് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും റഷ്യ അറിയിച്ചു. യുക്രെയിൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഇന്നലെ പുലർച്ചെ 4.30 മുതലുണ്ടായ യുക്രെയിൻ ആക്രമണം റഷ്യൻ നേവി തുരത്തിയെന്നും സിവിലിയൻ കേന്ദ്രങ്ങൾക്ക് നാശനഷ്ടമില്ലെന്നും എല്ലാ ഡ്രോണുകളും റഷ്യ വെടിവച്ചു വീഴ്ത്തിയെന്നും സെവാസ്‌റ്റോപോൾ ഗവർണർ പറയുന്നു. 2014ലാണ് യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയയെ റഷ്യ പിടിച്ചെടുത്തത്. ക്രൈമിയയിലെ ഏറ്റവും വലിയ നഗരമായ സെവാസ്‌റ്റോപോളിലാണ് റഷ്യയുടെ കരിങ്കടൽ ഫ്ലീറ്റിന്റെ ആസ്ഥാനം.

 ബ്രിട്ടനെതിരെ റഷ്യ

അതേ സമയം, തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്രൈമിയയിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ബ്രിട്ടീഷ് നേവിയ്ക്ക് പങ്കുണ്ടെന്നും കഴിഞ്ഞ മാസം 26ന് ബാൾട്ടിക് കടലിലെ നോർഡ് സ്ട്രീം - 1, നോർഡ് സ്ട്രീം - 2 ഗ്യാസ് പൈപ്പ് ലൈനുകളിൽ സ്ഫോടനമുണ്ടാക്കിയത് ബ്രിട്ടീഷ് നേവിയാണെന്നും റഷ്യ ആരോപിച്ചു. ഒരു നാറ്റോ അംഗരാജ്യത്തിനെതിരെ റഷ്യ നടത്തുന്ന ശക്തമായ ആരോപണമാണിത്.

എന്നാൽ രണ്ട് വാദങ്ങൾക്കും റഷ്യ തെളിവൊന്നും പുറത്തുവിട്ടില്ല. ആരോപണം നിഷേധിച്ച യു.കെ പ്രതിരോധ മന്ത്രാലയം റഷ്യ തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതികരിച്ചു. റഷ്യയിൽ നിന്നുള്ള വാതകം യൂറോപ്പിലേക്കെത്തിക്കുന്ന തന്ത്രപ്രധാനമായ പൈപ്പ്‌ലൈനാണ് നോർഡ് സ്ട്രീം. കഴിഞ്ഞ മാസം നടന്ന സ്ഫോടനങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങളെ റഷ്യ കുറ്റപ്പെടുത്തിയിരുന്നു.

 ധാന്യക്കയറ്റുമതി കരാർ: പങ്കാളിത്തം നിറുത്തി റഷ്യ

മോസ്കോ : യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഏർപ്പെട്ട സുപ്രധാന കരാറിലെ പങ്കാളിത്തം നിറുത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് റഷ്യ. ക്രൈമിയയിൽ കരിങ്കടൽ ഫ്ലീറ്റിലെ തങ്ങളുടെ കപ്പലുകൾക്ക് നേരെ യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തിയെന്ന കാരണം കാട്ടിയാണ് റഷ്യയുടെ പിൻമാറ്റം. യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഐക്യരാഷ്ട്ര സംഘടനയുമായും തുർക്കിയെയുമായുള്ള സുപ്രധാന കരാറുകളിൽ ജൂലായിലാണ് റഷ്യയും യുക്രെയിനും ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് മുതൽ യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ റഷ്യ അനുവദിച്ചിരുന്നു. റഷ്യ - യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ ലോകമെമ്പാടും ആളിക്കത്തിയ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തണുപ്പിക്കാൻ ഈ കരാർ സഹായിച്ചിരുന്നു. ഇതുവരെ ഏകദേശം 90 ലക്ഷം ടൺ ധാന്യം യുക്രെയിനിൽ നിന്ന് കയറ്റുമതി ചെയ്തു.

Advertisement
Advertisement