ഡയമണ്ടുകളിലെ പിങ്ക് നക്ഷത്രം !

Sunday 30 October 2022 5:41 AM IST

ബീജിംഗ് : ലോകത്തെ ഏറ്റവും പ്രശസ്ത പിങ്ക് ഡയമണ്ടുകളിലൊന്നാണ് ' വില്യംസൺ പിങ്ക് സ്റ്റാർ ഡയമണ്ട്". 11.15 കാരറ്റ് പിങ്ക് ഡയമണ്ടായ ഇതാണ് ലേലത്തിൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ രണ്ടാമത്തെ പിങ്ക് ഡയമണ്ട്. കാരറ്റിന് ഏറ്റവും ഉയർന്ന തുക ലഭിച്ച ഡയമണ്ടെന്ന ലോക റെക്കാഡും ഇതിനാണ്. ഈ മാസം ആദ്യം ഹോങ്കോങ്ങിൽ നടന്ന ലേലത്തിലാണ് വില്യംസൺ പിങ്ക് സ്റ്റാർ ഡയമണ്ട് വൻ തുകയ്ക്ക് വിറ്റത്.

57 ദശലക്ഷം ഡോളറാണ് ഈ അമൂല്യ ഡയമണ്ടിന് ലഭിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ലോകപ്രശസ്ത ഫൈൻ ആർട്സ് കമ്പനിയായ സതബീസ് ആണ് വില്യംസൺ പിങ്ക് സ്റ്റാർ ഡയമണ്ടിനെ ലേലത്തിലെത്തിച്ചത്. 21 ദശലക്ഷം ഡോളറായിരുന്നു വില്യംസൺ പിങ്ക് സ്റ്റാർ ഡയമണ്ടിന് അടിസ്ഥാന വില കണക്കാക്കിയിരുന്നത്.

എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് റെക്കാഡ് തുകയ്ക്ക് ഡയമണ്ട് വിൽക്കുകയായിരുന്നു. വില്യംസൺ പിങ്ക് സ്റ്റാർ ഡയമണ്ട് സ്വന്തമാക്കിയ വ്യക്തിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലോകപ്രശസ്തമായ രണ്ട് പിങ്ക് ഡയമണ്ടുകളിൽ നിന്നാണ് വില്യംസൺ പിങ്ക് സ്റ്റാർ ഡയമണ്ടിന് ഈ പേര് ലഭിച്ചത്.

1947ൽ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 23.60 കാരറ്റ് ' വില്യംസൺ ഡയമണ്ട്", 2017ൽ 71.2 ദശലക്ഷം ഡോളറിന് വിറ്റ 59.60 കാരറ്റ് ' പിങ്ക് സ്റ്റാർ " എന്നിവയുടെ പേരിൽ നിന്നാണത്. ഇതുവരെ ഏറ്റവും ഉയർന്ന ലേലത്തുക സ്വന്തമാക്കിയ ഡയമണ്ട് എന്ന റെക്കാഡ് പിങ്ക് സ്റ്റാറിനാണ്.

ഡയമണ്ടുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മൂല്യമേറിയതും അപൂർവവുമാണ് പിങ്ക് നിറമുള്ളവ. കാഴ്ചയിലെ ഭംഗിയും ഇവയുടെ മൂല്യം കൂട്ടുന്നു.

300 വർഷത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്ന് കരുതുന്ന അപൂർവ പിങ്ക് ഡയമണ്ട് കഴിഞ്ഞ ജൂലായിൽ മദ്ധ്യാഫ്രിക്കൻ രാജ്യമായ അംഗോളയിൽ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ കമ്പനിയായ ലുകാപ ഡയമണ്ടിന്റെ നിയന്ത്രണത്തിലുള്ള ലുലോ ഖനിയിൽ നിന്നാണ് 'ദ ലുലോ റോസ് " എന്ന് പേരിട്ട ഈ ഡയമണ്ട് ലഭിച്ചത്. 170 കാരറ്റിലുള്ള ശുദ്ധമായ പിങ്ക് ഡയമണ്ടാണിത്.

Advertisement
Advertisement