ഹിജാബ് വിരുദ്ധ പ്രക്ഷോഭം : മുന്നറിയിപ്പുമായി ഇറാൻ

Sunday 30 October 2022 6:53 AM IST

ടെഹ്റാൻ: രാജ്യത്തെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് ഇറാനിയൻ റെവലൂഷനറി ഗാർഡ്സിന്റെ ശക്തമായ മുന്നറിയിപ്പ്. ' തെരുവുകളിലേക്ക് വരരുത്, കലാപങ്ങളുടെ അവസാന ദിനമാണ് ഇന്ന് " എന്ന് സേനയുടെ കമാൻഡറായ ഹൊസൈൻ സലാമി ഇന്നലെ മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. സിസ്റ്റൻ ആൻഡ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ സഹേദാൻ നഗരത്തിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന വെടിവയ്പ് നടത്തിയതിന് പിന്നാലെയാണ് സലാമിയുടെ പ്രസ്താവന. വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം.

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മഹ്സ അമിനി (22) എന്ന യുവതി മരിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 16 മുതൽ രാജ്യവ്യാപകമായി ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇതുവരെ കുറഞ്ഞത് 270 പേർ മരിച്ചെന്നാണ് കണക്ക്. 14,000 പേർ ജയിലിലായി.

Advertisement
Advertisement