ഓൺലൈനിലൂടെ പണം തട്ടിയ യുവാവ് അറസ്റ്റിൽ; ഇരുപത്തിരണ്ടുകാരനായ പ്രതിക്ക് പതിമൂന്ന് ആഡംബര വീടുകൾ, ജാർഖണ്ഡിൽ ഏക്കറുകണക്കിന് കൽക്കരി ഖനി

Sunday 30 October 2022 9:50 AM IST

ഇരിങ്ങാലക്കുട: ഓൺലൈൻ തട്ടിപ്പിലൂടെ വൻ തുക കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. ജാർഖണ്ഡ് ധൻബാദ് സ്വദേശി അജിത് കുമാർ മണ്ഡലി (22) ആണ് പിടിയിലായത്. കഴിഞ്ഞവർഷം ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

എസ്ബിഐ അക്കൗണ്ട് ബ്ലോക്കായതിനാൽ കെ വൈ സി വിവരങ്ങൾ ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് ഇരിങ്ങാലക്കുട സ്വദേശിനിക്ക് ഒരു മെസേജ് വന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ എസ് ബി ഐയുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സൈറ്റിലേക്കാണ് പോയത്. തന്റെ വിവരങ്ങളും വെബ്‌സൈറ്റിൽ നൽകി. തുടർന്ന് ഒടിപി വന്നപ്പോൾ അതും നൽകി. ഇതോടെ നാൽപ്പതിനായിരം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്.

പരാതിക്കാരിക്ക് വന്ന ലിങ്കിന്റെ വിവരങ്ങൾ ശേഖരിച്ച് ഒരു വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി അൻപതിലധികം സിമ്മുകളും ഇരുപത്തിയഞ്ചോളം ഫോണുകളും ഉപയോഗിച്ചിരുന്നു. ഇരുപത്തിരണ്ടുകാരനായ പ്രതിക്ക് ബംഗളൂരുവിലും ഡൽഹിയിലുമായി പതിമൂന്ന് ആഡംബര വീടുകളാണ് ഉള്ളത്. ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.