സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കാ‌ഡ് ദൃഷ്ടി ദോഷമായി ഇപ്പോഴും ഹെലികോപ്ടർ

Monday 31 October 2022 3:29 AM IST

തിരുവനന്തപുരം: ശംഖുംമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് റെക്കാഡ്. അപേക്ഷിക്കാതെയാണ് ഈ നേട്ടം കൈവന്നതെന്ന് ശില്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു.

ശംഖുംമുഖം കടൽത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലുള്ള സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. തറയിൽ ആറടിയോളം താഴ്ത്തി ഇരുമ്പു ചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണ് നിർമ്മിച്ചത്.

1990ൽ ടൂറിസം വകുപ്പാണ് കാനായിയെ ശില്പനിർമ്മാണം ഏല്പിച്ചത്. ഏറെ ആലോചനയ്ക്കു ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിർമ്മിക്കാൻ കാനായി തീരുമാനിച്ചത്. നിർമ്മാണം തുടങ്ങിയശേഷം പ്രതിസന്ധികളുണ്ടായി. 1992ലാണ് സാഗരകന്യക ശില്പം സമർപ്പിച്ചത്.

നിർമ്മാണത്തിനിടയിൽ 'ശില്പം അശ്ലീലമാണെന്ന് പരാതിയുണ്ടെന്ന് പറഞ്ഞ് അന്നത്തെ ജില്ലാ കളക്ടർ നിർമ്മാണം നിറുത്തിവയ്ക്കാൻ ഉത്തരവിട്ടു. കാനായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ പോയി കണ്ടു. അദ്ദേഹം കളക്ടറെ വിളിച്ച് ശില്പം പൂർത്തിയാക്കാൻ വേണ്ടത് ചെയ്യണമെന്ന് കർശന നിർദ്ദേശം നൽകി. കളക്ടർ പിന്നീട് കാനായിയോട് ക്ഷമ പറഞ്ഞു.
സർക്കാരിന് ഇപ്പോഴും ശില്പത്തിന്റെ വില മനസിലാകുന്നില്ലെന്നതാണ് കാനായിയുടെ പരാതി. കഴിഞ്ഞ കൊവിഡ് കാലത്താണ് ശില്പത്തോട് ചേർന്നുള്ള മൺതിട്ടയിൽ വലിയ പ്ലാറ്റ്‌ഫോം കെട്ടി ഹെലികോപ്ടർ സ്ഥാപിച്ചു. അന്നത്തെ ടൂറിസം മന്ത്രിയോട് പറഞ്ഞിട്ട് ഫലമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടപെടാമെന്ന് പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ലെന്നാണ് പരാതി.

ലോക ശ്രദ്ധയാകർഷിച്ച സാഗരകന്യക

സാഗരകന്യക ശില്പം നാടിന് സമർപ്പിച്ച 1992ൽ തന്നെ ശില്പത്തെപ്പറ്റി ഡിസ്‌ക്കവറി ചാനൽ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്‌തു. ഇത്രയും മനോഹരവും വലിപ്പമുള്ളതുമായ സാഗരകന്യകാ ശില്പം വേറെ രാജ്യത്ത് കണ്ടിട്ടില്ലെന്നായിരുന്നു വിദേശ ടൂറിസ്റ്റുകളുടെ അഭിപ്രായം. ശില്പം സമർപ്പിച്ച ചടങ്ങിൽ അവിടെ മറ്റൊന്നും ചെയ്യരുതെന്ന് കാനായി അന്നത്തെ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ളവരോട് പറഞ്ഞിരുന്നു. പകൽനേരം വരുന്നവ‌ർക്ക് തണലേകാൻ കാനായിയും കൂടി ചേർന്നാണ് അവിടെ വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചത്. വിമാനം ഉയരുന്നത് കാണാൻ വേണ്ടിയാണ് ശില്പത്തിനടുത്ത് ചെറിയ കുന്ന് രൂപപ്പെടുത്തിയത്. ആ കുന്നിലാണ് ഇപ്പോൾ ഹെലികോപ്ടർ വച്ചിരിക്കുന്നത്.

ശില്പത്തിനുടുത്ത് നിന്ന് ഹെലികോപ്ടർ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. ഫലമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും.

കാനായി കുഞ്ഞിരാമൻ

Advertisement
Advertisement