ഛഠ് പൂജ: ആശംസകളുമായി പ്രധാനമന്ത്രി

Monday 31 October 2022 1:15 AM IST

ന്യൂഡൽഹി: ഛഠ് പൂജയോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂര്യദേവന്റെയും ഛഠി മയയുടെയും അനുഗ്രഹം എല്ലാവർക്കുമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സൂര്യ ദേവന്റെയും പ്രകൃതിയുടെയും ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഛഠിന്റെ ശുഭകരമായ അവസരത്തിൽ എല്ലാ രാജ്യക്കാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഭാസ്കറിന്റെ പ്രഭാവലയത്തിന്റെയും ഛഠി മയയുടെയും അനുഗ്രഹത്തോടെ എല്ലാവരുടെയും ജീവിതം എപ്പോഴും പ്രകാശപൂരിതമാകട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഛഠ് പൂജ

ഛഠ് പൂജയുടെനാലാമത്തേതും അവസാനത്തേതും ദിനമാണിന്ന്. മൂന്നാം ദിവസമായിരുന്ന ഇന്നലെ സന്ധ്യാ അർഘ്യ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കുന്ന പുരാതന ഹിന്ദു വൈദിക പൂജയാണിത്. ഇന്ത്യയിൽ ബീഹാർ,​ ജാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഛഠ് പൂജ ആഘോഷിച്ചുവരുന്നത്. സൂര്യ ഷഷ്ഠി, ഛഠ്, മഹാപർവ്, ഛഠ് പർവ്, ദളപൂജ, പ്രതിഹാർ, ദള ഛഠ് എന്നീ പേരുകളിലും ഈ പൂജ അറിയപ്പെടുന്നു. നാല് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം സൂര്യനും ഷഷ്ഠി ദേവിക്കും സമർപ്പിക്കുന്നു. ആചാരത്തിന്റെ ഭാഗമായി പൂജാ സമയം സ്ത്രീകൾ തങ്ങളുടെ പുത്രന്മാർക്കു വേണ്ടിയും കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടിയും ഉപവാസം അനുഷ്ഠിക്കുന്നു. സൂര്യനും ഛഠി മയയ്ക്കും അർഘ്യം അർപ്പിക്കുകയും ചെയ്യുന്നു. പൂജയുടെ പ്രധാന ദിനവും ഇന്നാണ്. പൂജയുടെ ഭാഗമായി കർശനമായ ചില ആചാരങ്ങൾ വിശ്വാസികൾ പാലിച്ചുവരുന്നു.

ആരോഗ്യത്തിനും സന്തുഷ്ടവും സമൃദ്ധവുമായ ജീവിതത്തിനുമായി സൂര്യ ദേവനിൽ നിന്നുള്ള അനുഗ്രഹത്തിനാണ് ഛഠ് നടത്തുന്നത്. സൂര്യപ്രകാശത്തിലൂടെ വിവിധ രോഗങ്ങൾക്കും അവസ്ഥകൾക്കും പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അസുഖം ബാധിച്ചവർക്ക് ഇതിലൂടെ രോഗ ശമനം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. പുണ്യ നദിയിൽ കുളിക്കുന്നത് ഔഷധഗുണമുണ്ടാക്കുന്നു എന്നു വിശ്വസിക്കുന്നതിനാൽ അതും പൂജയുടെ ഭാഗമായി തുടരുന്നു. നിരവധി കഠിനമായ ആചാരങ്ങളും ഉപവാസങ്ങളും പൂജയുടെ ഭാഗമായി ആചരിച്ചുവരുന്നു.

Advertisement
Advertisement