ഇനി റോഷന് കേൾക്കാം,​ കിംസ് സ്‌പോൺസർ ചെയ്‌ത ശ്രവണ സഹായി മേയർ കൈമാറി

Monday 31 October 2022 3:24 AM IST

തിരുവനന്തപുരം: ശ്രവണ സഹായി ഉപയോഗിച്ച് ശബ്ദങ്ങളെ മനസിലാക്കിയിരുന്ന റോഷൻ പ്രിയപ്പെട്ട ശബ്ദങ്ങൾ വീണ്ടും കേട്ടു തുടങ്ങി. ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥിയായ രാജാജി നഗർ സ്വദേശി റോഷന്റെ 1.38 ലക്ഷം രൂപ വിലയുള്ള ഹിയറിംഗ് എയിഡ് അടങ്ങിയ ബാഗ് കഴിഞ്ഞ വ്യാഴാഴ്ചയാണ് നഷ്ടപ്പെട്ടത്. നാലുമാസം മുമ്പ് പുനർജനി പദ്ധതിയിലൂടെയാണ് റോഷന് ശ്രവണസഹായി ലഭിച്ചത്.

റോഷന്റെ കഥ വൈറലായതിനെ തുടർന്ന് നിരവധിപ്പേരാണ് സഹായ സന്നദ്ധത അറിയിച്ച് രംഗത്തുവന്നത്. കിംസ് ആശുപത്രി സ്‌പോൺസർ ചെയ്‌ത ശ്രവണസഹായി മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ റോഷന്റെ വീട്ടിലെത്തി കൈമാറി. കിംസ് ഹെൽത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രശ്മി ഐഷയും ഒപ്പമുണ്ടായിരുന്നു. ശബ്ദം നഷ്ടമായ രണ്ട് ദിവസത്തെക്കുറിച്ച് ആംഗ്യഭാഷയിൽ റോഷൻ മേയറുമായി വളരെ വൈകാരികമായാണ് സംസാരിച്ചത്. ശ്രവണസഹായി കിട്ടിയപ്പോൾ റോഷന്റെ മുഖത്തുണ്ടായ പുഞ്ചിരി ഒരുപാട് സന്തോഷം നൽകുന്നുവെന്നും അവൻ പഠിച്ച് മിടുക്കനാകട്ടെയെന്നും മേയർ പറഞ്ഞു. നഷ്ടപ്പെട്ട ശ്രവണ സഹായിയുടെ അതേ മോഡൽ തന്നെയാണ് കിംസ് ആശുപത്രിക്കാർ റോഷന് നൽകിയത്. സഹായിക്കാൻ മുന്നോട്ടുവന്നവരോട് നന്ദിയുണ്ടെന്നും ലെനിൻ പറഞ്ഞു.

Advertisement
Advertisement