ഷാരോണിന്റെ കൊലപാതകത്തിൽ കൂടുതലാളുകൾക്ക് പങ്ക്? നാല് പേരെ ചോദ്യം ചെയ്യുന്നു; ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണം

Monday 31 October 2022 8:56 AM IST

തിരുവനന്തപുരം: ഷാരോൺ വധത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു. ഗ്രീഷ്മയുടെ മാതാപിതാക്കളെയും, അമ്മാവനെയും ബന്ധുവായ യുവതിയേയുമാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. നാലിടത്തായിട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

ഗ്രീഷ്‌മയുടെ മാതാപിതാക്കൾക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മകളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിയുടെ അമ്മ ഷാരോണിനെയും മാതാപിതാക്കളെയും വിളിച്ചിരുന്നു. അന്വേഷണ സംഘം ഷാരോണിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും. രാവിലെ ഒൻപതുമണിക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഗ്രീഷ്മ പഠിച്ച കള്ളിയാണെന്നും യുവതിയുടെ അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. വിഷം കലർത്താൻ ഗ്രീഷ്മയുടെ അമ്മയാണ് അവസരമൊരുക്കിയത്. മകൻ വരുന്ന ദിവസം ഈ സ്ത്രീ വീട്ടിൽ നിന്ന് മാറിനിന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്നലെ രാത്രി ഗ്രീഷ്മയുടെ വീടിന് നേരെ അജ്ഞാതർ കല്ലേറിഞ്ഞു. പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ ശ്രീനിലയം എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ജനൽച്ചില്ലുകൾ തകർന്നു. യുവതിയുടെ വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്.