ഷാരോണിന്റെ ഫോണിൽ ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നു, പ്രതിശ്രുതവരന് നൽകുമോ എന്ന് പേടിച്ചെന്ന് ഗ്രീഷ്മ; ചോദ്യം ചെയ്യലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഗൂഗിളിൽ തപ്പി

Monday 31 October 2022 9:29 AM IST

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. വിവാഹ നിശ്ചയത്തിന് മുമ്പേ ഷാരോണുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചെന്നും, ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ പിന്മാറിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ചു. സ്വകാര്യ രംഗങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഇത് നൽകിയില്ല, ഇതാണ് വൈരാഗ്യം കൂടാൻ കാരണം. ദൃശ്യങ്ങൾ പ്രതിശ്രുതവരന് കൈമാറുമോ എന്ന് പേടിയുണ്ടായുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.

കീടനാശിനിയുടെ വിവരങ്ങൾ മാത്രമല്ല, കൊലപാതകം നടത്തിയ ശേഷം ചോദ്യം ചെയ്യലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞിരുന്നു. വിഷക്കുപ്പി പറമ്പിലെറിഞ്ഞെന്നും അമ്മാവൻ ഇത് മറ്റൊരു സ്ഥലത്ത് കളഞ്ഞെന്നും യുവതി മൊഴി നൽകി. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തും.