ചെങ്കള-ചേരൂർ റോഡ് ടാർ അഴിമതിക്കേസ് രണ്ടാംപ്രതിക്ക് ഏഴുവർഷം തടവ്; കരാറുകാരന് അറസ്റ്റ് വാറണ്ട്‌

Tuesday 01 November 2022 8:25 PM IST

കാസർകോട്: ജില്ലാപഞ്ചായത്തിന് കീഴിലുള്ള ചെങ്കളചേരൂർ റോഡ് ടാർ ഇടപാടിൽ അഴിമതി നടത്തിയ കേസിലെ രണ്ടാംപ്രതിയെ കോടതി ഏഴുവർഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശി പി.ബി കബീർഖാനെയാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ത്രേട്ട് കോടതി ശിക്ഷിച്ചത്. 420 വകുപ്പ് പ്രകാരം അഞ്ച് വർഷവും 468 വകുപ്പ് പ്രകാരം രണ്ട് വർഷവുമാണ് ശിക്ഷ. രണ്ട് തടവുകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം അധികതടവും അനുഭവിക്കണം.വിചാരണവേളയിൽ കോടതിയിൽ ഹാജരാകാത്ത കേസിലെ ഒന്നാംപ്രതിയും കരാറുകാരനുമായ ചെങ്കളയിലെ മുഹമ്മദ് റഫീഖിനെതിരെ(34) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ചെങ്കള-ചേരൂർ റോഡിൽ 1.5 കിലോ മീറ്റർ ജോലിയിൽ അടങ്കൽ തുകയായ 9,40,000 രൂപയെക്കാൾ കുറവായ തുകക്ക് ഏറ്റെടുത്ത് നടത്താനായിരുന്നു 2006 ഫെബ്രുവരി 16ന് ഉണ്ടാക്കിയ കരാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പ്രവൃത്തിക്ക് ആവശ്യമായ ടാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണമെന്ന ചട്ടം പ്രതികൾ ലംഘിക്കുകയായിരുന്നു. വെളിപ്പെടുത്താത്ത ഇടത്ത് നിന്ന് സംഘടിപ്പിച്ച ടാറാണ് റോഡിന് ഉപയോഗിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ബിൽ വ്യാജമായി നിർമ്മിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കിയെന്നാണ് കേസ്. ടാർ ഇടപാടിലെ ക്രമക്കേടിന് മുഹമ്മദ് റഫീഖിന് സഹായം നൽകിയെന്നാണ് കബീർഖാനെതിരായ കുറ്റം. ഇവരുടെ പ്രവൃത്തിയിൽ 1,38,527 രൂപയുടെ നഷ്ടം സർക്കാറിന് സംഭവിച്ചതായി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

Advertisement
Advertisement