ഷാരോൺ കൊലക്കേസ് പ്രതികളെ കാണാൻ വൻ ജനക്കൂട്ടം ; തമിഴ്നാട് പൊലീസുമായി വാക്കേറ്റം

Wednesday 02 November 2022 1:26 AM IST

തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി കാമുകൻ പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മയുടെ രാമവർമ്മൻചിറയിലെ വീട്ടിൽ തെളിവെടുപ്പ് നടക്കുമെന്നറിഞ്ഞ് രാവിലെ മുതൽ കാത്തുനിന്നത് വൻ ജനക്കൂട്ടം. ഉച്ചയ്‌ക്ക് 12ഓടെയാണ് ഗ്രീഷ്‌മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമ്മൽകുമാർ എന്നിവരെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

പ്രതികളെ ആദ്യം വീട്ടിലേക്കാണ് കൊണ്ടുവരുന്നതെന്നറിഞ്ഞ് പ്രദേശവാസികളായ നിരവധിപ്പേരാണ് കാത്തുനിന്നത്. മാദ്ധ്യമ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്ന് പ്രതികളുമായി പൊലീസ് ആദ്യം എത്തിയത് പാറശാല പൊലീസ് സ്റ്റേഷനിലായിരുന്നു. കുറ്റകൃത്യം നടന്ന ഗ്രീഷ്‌മയുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട രാമവർമൻചിറയിലായതിനാൽ പ്രതികളെ തമിഴ്‌നാട്ടിലെ പളുകൽ സ്റ്റേഷനിലുമെത്തിച്ചു. ഇവിടെ കേസിന്റെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തശേഷം കേരള പൊലീസ് സംഘം പ്രതികളുമായി രാമവർമൻ ചിറയിലെത്തുകയായിരുന്നു.

12-ഓടെയാണ് വ്യത്യസ്‌ത വാഹനങ്ങളിൽ പൊലീസ് സംഘം പ്രതികളുമായെത്തിയത്. തുടർന്ന് ‌‌കെ.ജെ. ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിർമ്മൽകുമാറിനെ പുറത്തിറക്കി. സിന്ധുവിനെ വാഹനത്തിൽ തന്നെ ഇരുത്തി. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട തെളിവെടുപ്പായിരുന്നു. പൊലീസ് തെളിവെടുക്കുന്നതറിഞ്ഞ് പ്രദേശവാസികൾ ചിറയ്‌ക്ക് സമീപത്ത് തടിച്ചുകൂടിയിരുന്നു. ഇതിനിടെ മറ്റൊരു പൊലീസ് സംഘം ഗ്രീഷ്‌മയുടെ വീട്ടിലെത്തി സുഗമമായ തെളിവെടുപ്പിനുള്ള സാഹചര്യമൊരുക്കി. ഉച്ചയ്‌ക്ക് രണ്ടോടെ ചിറയിലെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളുമായി പൊലീസ് സംഘം ഗ്രീഷ്‌മയുടെ വീടായ ശ്രീനിലയിത്തിലെത്തി. പൊലീസ് വാൻ വരുമ്പോൾ റോഡിനിരുവശത്തും വൻ ജനക്കൂട്ടമുണ്ടായിരുന്നു.

രാവിലെ മുതൽ സമീപത്തെ വീടുകൾക്ക് മുകളിലും മതിലിലുമായി നൂറുകണക്കിന് പേരാണ് ഇടംപിടിച്ചത്. ഇവരെ നിയന്ത്രിക്കാൻ കേരള പൊലീസ് പാടുപെട്ടു. വീതി കുറഞ്ഞ റോഡിനിരുവശവും ആൾക്കൂട്ടം നിരന്നതോടെ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടി. പ്രതികളെ എത്തിക്കുന്നതിന് അല്പം മുമ്പെത്തിയ തമിഴ്നാട് പൊലീസ് സംഘം വിരട്ടിയതോടെ ജനക്കൂട്ടവുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. പ്രതികളെ വാഹനത്തിൽ നിന്നിറക്കുമ്പോൾ ജനക്കൂട്ടത്തിന്റെ കൂക്കിവിളിയോ രോഷപ്രകടനമോ ഉണ്ടായില്ല. അതേസമയം ഇവരുടെ ചിത്രവും വീഡിയോയും പകർത്താൻ ആളുകൾ മത്സരിച്ചു. ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷം പ്രതികളുമായി പൊലീസ് മടങ്ങി.

Advertisement
Advertisement