ബി എം ഡബ്ളിയു കാറിൽ തോക്കുമായെത്തിയ ഇടത് നേതാവ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചു, സംഭവം തൃക്കാക്കരയിൽ

Wednesday 02 November 2022 10:26 AM IST

തൃക്കാക്കര: ബി.എം.ഡബ‌്ള‌ിയു കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചതായി എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗത്തിനെതിരെ കേസ്. പുതുതലമുറ ബാങ്കുകളിലെ എ.ഐ.ടി.യു.സി യൂണിയനുകളുടെ നേതാവായ ചെമ്പുമുക്ക് വട്ടത്തിപാടത്ത് കാട്ടാമറ്റം റോഡിൽ സി.എസ്. വിനോദിനെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഒളിവിൽ കഴിയുന്ന ഇയാളുടെ തോക്കിന്റെ ലൈസൻസ് റദ്ദാക്കി. കാറിൽ തോക്കും ഉണ്ടായിരുന്നെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചെമ്പുമുക്കിൽ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറിൽ ബലമായി പിടിച്ചു കയറ്റി ചെമ്പുമുക്കു പള്ളിയുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയപ്പോൾ ചെമ്പുമുക്ക് ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു. കടയിൽ നിന്ന് പതിവായി സാധനങ്ങൾ വാങ്ങാറുണ്ട് വിനോദ്. പറയുന്ന സാധനങ്ങൾ കാറിലേക്ക് കൊണ്ടുപോയി കൊടുക്കുകയാണ് പതിവെന്ന് യുവതി പറഞ്ഞു.

യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയുടെ വീട് പൊലീസ് പരിശോധിച്ചു. ആഡംബര വീടും കാറും പ്രതിയുടെ വീട്ടിൽ രാത്രികാലങ്ങളിൽ വരുന്നവരുടെ വിവരങ്ങളും സംശയാസ്പദമാണന്ന് പൊലീസ് കരുതുന്നു.