ബൈപ്പാസ് യാഥാർത്ഥ്യമായി, യാത്രാ ദുരിതം തീരുന്നു.

Thursday 03 November 2022 12:00 AM IST

കോട്ടയം. നിർമാണം പൂർത്തിയാക്കിയ പട്ടിത്താനം-മണർകാട് ബൈപ്പാസ് റോഡ് ഇന്ന് നാടിനു സമർപ്പിക്കും. ഏറ്റുമാനൂർ പാറകണ്ടം ജംഗ്ഷനിൽ രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. കോട്ടയം നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ജോസ് രാജൻ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിക്കും. 2016ൽ ആരംഭിച്ച നിർമാണമാണ് ആറുവർഷങ്ങൾക്ക് ശേഷം പൂർത്തിയാകുന്നത്.

എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് മണർകാട് ജംഗ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിന് 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്ന് ഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. മണർകാട്-പൂവത്തുംമൂട് വരെയുള്ള ഒന്നാംഘട്ടം 2016 ലും പൂവത്തുംമൂട് -ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാന പാതയിൽ പാറകണ്ടം ജംഗ്ഷൻ വരെയുള്ള ഭാഗം 2020ലും പൂർത്തിയാക്കി. തുടർന്നുള്ള പ്രവർത്തനങ്ങൾ സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് ശേഷം 2020 ആഗസ്റ്റിൽ ആരംഭിച്ചെങ്കിലും ഏറ്റെടുത്ത സ്ഥലങ്ങളിലെ വൃക്ഷങ്ങൾ, കെട്ടിടങ്ങൾ, വസ്തുവകകൾ തുടങ്ങിയവ നീക്കം ചെയ്ത് 2021 ലാണ് നിർമാണം ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയും സ്ഥലം വിട്ടുകിട്ടുന്നതിലുള്ള നിയമ തടസങ്ങളും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകളും തരണം ചെയ്താണ് നിർമാണം പൂർത്തിയാക്കിയത്.

പ്രയോജനം.

വടക്ക്, കിഴക്ക് ഭാഗത്ത് നിന്നുള്ളവർക്ക് തെക്കൻ ജില്ലകളിലേയ്ക്ക് എളുപ്പം.

കോട്ടയം,ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ടൗണുകളിൽപ്പെടാതെ യാത്ര

എം.സി. റോഡിൽ നിന്ന് പൂഞ്ഞാർ ഹൈവേയിലേയ്ക്ക് നഗരം ചുറ്റേണ്ട.

3ാം ഘട്ടം 1.80 കിലോമീറ്റർ.

ചെലവ് 12.60 കോടി രൂപ.

മന്ത്രി വി.എൻ.വാസവൻ പറയുന്നു

സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാനായി. തിരക്കേറിയ പാറകണ്ടം,​ തവളക്കുഴി ജംഗ്ഷനുകളിൽ കെൽട്രോൺ മുഖേന 17 ലക്ഷം രൂപ ചെലവിൽ സോളാർ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കും. പാറകണ്ടം ,​പട്ടിത്താനം ജംഗ്ഷനുകളിൽ ട്രാഫിക് ഐലന്റുകൾ സ്ഥാപിക്കും.

Advertisement
Advertisement