പ്രാപ്‌തി പരിഗണിക്കപ്പെടുമ്പോൾ

Thursday 03 November 2022 12:00 AM IST

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയും ഇന്ത്യയും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാൽ ഋഷി സുനകിന്റെ പിതാമഹന്മാർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നതും ഇപ്പോൾ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്നതുമായ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ചവരായിരുന്നു എന്നതാണ്. അതിനാൽ സുനക് ഭാഗികമായി ഇന്ത്യൻ വംശജനാണ്. അതാണ് ഈ ആഹ്ലാദപ്രകടനങ്ങൾക്ക് അടിസ്ഥാനവും. മുൻപ് ശ്രീമതി കമലാ ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയപ്പോഴും ഇതേ ആഹ്ലാദപ്രകടനങ്ങൾ ഇവിടെ ഉണ്ടായി. ഒരു പക്ഷേ ഇവരാരും ഇത്തരം ഒരു പദവിയിൽ എത്തിയിരുന്നില്ല എങ്കിൽ ഈ പേരുകൾ നമ്മൾ അറിയാതെ പോകുമായിരുന്നു.

ഇന്ത്യൻ വംശജർ വിദേശ രാജ്യങ്ങളിൽ ഭരണനേതൃത്വത്തിൽ വരുന്നത് പുതിയ കാര്യമൊന്നുമല്ല. നിലവിൽ അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, അയർലൻഡ്, ഫിജി, മൗറീഷ്യസ്, വെസ്റ്റ് ഇൻഡീസിലെ ആറ് രാജ്യങ്ങൾ, സൗത്ത് ആഫ്രിക്ക തുടങ്ങി പതിനൊന്നോളം രാജ്യങ്ങളിൽ ഇന്ത്യൻ വംശജർ ഭരണനേതൃത്വം വഹിക്കുന്നു.

ഇവരുടെ ഈ പദവികൾ യഥാർത്ഥത്തിൽ നമുക്ക് ആഹ്ലാദാവേശങ്ങൾക്ക് വക നൽകുന്നുണ്ടോ? രണ്ടോ മൂന്നോ തലമുറകൾക്ക് മുൻപ് ഇന്ത്യ വിട്ടുപോയവരുടെ ഇളം തലമുറ, മറ്റൊരു രാജ്യത്തിന്റെ പൗരന്മാരാണവർ. അവരുടെ സ്ഥാനലബ്‌ധിയിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തുമ്പോൾ തന്നെ അവരെങ്ങനെ ആ സ്ഥാനത്ത് എത്തിച്ചേർന്നു എന്ന് ചിന്തിക്കണം. അവർ ആ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന പദവികളിൽ എത്തിയെങ്കിൽ അത് ആ രാജ്യങ്ങളുടെ വ്യവസ്ഥിതിയുടെ മേന്മ കൂടിയാണ്.

പല യൂറോപ്യൻ രാജ്യങ്ങളിലും ഒരാൾക്ക് ഭരണഘടനാപരമായ പദവിയിൽ എത്തിച്ചേരണമെങ്കിൽ ആ വ്യക്തി ആ രാജ്യത്ത് ജനിച്ച പൗരൻ ആയിരിക്കണം എന്ന് മാത്രമേയുള്ളൂ. അയാളുടെ പൂർവികരോ, മാതാപിതാക്കളോ ഏതു ദേശത്തു ജനിച്ചവരായിരുന്നാലും അതൊന്നും തന്നെ അയാളുടെ യോഗ്യതയോ അയോഗ്യതയോ ആകുന്നില്ല. ആ പദവി വഹിക്കാനുള്ള കഴിവും പ്രാപ്തിയും അയാൾക്കുണ്ടായിരിക്കണം എന്ന് മാത്രം. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം ശ്രീ ഋഷി സുനക് തന്നെയാണ്. ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരിക്കെ വളരെ അടുത്ത കാലത്ത് മാത്രം രാഷ്ട്രീയജീവിതം ആരംഭിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവും കാര്യപ്രാപ്തിയും രാജ്യം വേഗം തിരിച്ചറിഞ്ഞു. ആ ഊർജ്ജസ്വലത പ്രയോജനപ്പെടുത്താൻ ആ രാജ്യം തീരുമാനിക്കുകയും ചെയ്തു.

കഴിവുള്ളവരെ രാജ്യത്തിനു പ്രയോജനപ്പെടുത്താൻ അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിലും പാശ്ചാത്യ രാജ്യങ്ങൾ ഒരുപടി മുന്നിലാണ്. ഒരുദാഹരണം പറയുകയാണെങ്കിൽ ടെന്നീസ് ഇതിഹാസങ്ങളായിരുന്ന വില്യംസ് സഹോദരിമാർ (വീനസ് വില്യംസ്, സെറീന വില്യംസ് ) ഏറ്റവും ദാരിദ്രമായ ചുറ്റുപാടുകളിൽ ജനിച്ചു വളർന്നവരാണ്. അവരുടെ കഴിവുകൾ കണ്ടറിഞ്ഞ യു.എസ് അവർക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും നൽകി. അവരുടെ കഴിവും രാജ്യത്തിന്റെ സഹായവും അവരെ ടെന്നീസിന്റെ പര്യായങ്ങളാക്കി മാറ്റി. അതാണ് ആ രാജ്യങ്ങളിൽ നിലനിൽക്കുന്ന വ്യവസ്ഥ. ഈ വ്യവസ്ഥയെ പ്രയോജനപ്പെടുത്തിയാണ് രാഷ്ട്രീയ, ഭരണനേതൃത്വങ്ങളിൽ മറ്റ് രാജ്യങ്ങളിലെ പൈതൃകം ഉള്ളവരും എത്തിച്ചേരുന്നത്. നമ്മുടെ ആളുകൾ അന്യരാജ്യത്ത് പോയി അവിടെ ഉയർന്ന പദവിയിൽ എത്തിയിട്ടുണ്ടെങ്കിൽ ആ രാജ്യങ്ങൾ വംശത്തിന്റെയോ, നിറത്തിന്റെയോ വേർതിരിവുകളില്ലാതെ ഒരാളുടെ കഴിവിനെ അംഗീകരിക്കുന്നുണ്ടെന്ന് കൂടിയാണ് നാം മനസിലാക്കേണ്ടത്.

നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് ഇത്തരം ഒരു വ്യവസ്ഥ ഉണ്ടാകുന്നില്ല ?​ ഇവിടെ കലയായാലും രാഷ്ട്രീയമായാലും കുടുംബവാഴ്ചയും പിന്തുടർച്ചാ അവകാശവുമാണ് നിലനിൽക്കുന്നത്. ജാതി-മത,​ വർഗ -വർണ വേർതിരിവുകളിൽ ഊന്നിയാണ് സ്ഥാനമാനങ്ങൾ നല്കപ്പെടുന്നത്. കഴിവോ, പ്രാപ്തിയോ ഇവിടെ മാനദണ്ഡം ആകുന്നതേയില്ല. എന്തുകൊണ്ടാണ് ഋഷി സുനകിന്റെയും കമലാ ഹാരിസിന്റെയും സ്ഥാനലബ്ധിയിൽ ആഹ്ലാദാരവം മുഴക്കുമ്പോൾതന്നെ നമ്മുടെയിടയിൽ കഴിവുള്ളവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നുണ്ടോ എന്നുകൂടി ചിന്തിക്കാത്തത്?

Advertisement
Advertisement