തമിഴ്‌നാട്ടിൽ കനത്ത മഴ: ചെന്നൈയിൽ രണ്ട് മരണം

Thursday 03 November 2022 12:38 AM IST

ചെന്നൈ: തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ മഴ കനത്തതിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് മരണം. ഒരാൾ വൈദ്യുതാഘാമേറ്റും, സ്ത്രീ മതിലിടിഞ്ഞു വീണുമാണ് മരിച്ചത്. ഏഴ് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴയുടെ ശക്തി ഇന്നലെ കുറഞ്ഞു. പക്ഷേ ചെന്നൈ നഗരവും ചുറ്റുമുള്ള നിരവധി പ്രദേശങ്ങളും വെള്ളത്തിലാണ്.

മഴയ്ക്ക് ശമനമുണ്ടായെങ്കിലും ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്‌ക്ക് സാ‌ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കാഞ്ചീപുരത്തെ രണ്ട് സബ്‌വേകളടച്ചു. കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ ഗതാഗതക്കുരുക്കും രൂക്ഷണാണ്.

മഴക്കെടുതി സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉന്നത ഉദ്യോഗസ്ഥരുമായി വെർച്വൽ മീറ്റിംഗ് നടത്തി. കഴിഞ്ഞ രാവിലെ 8.30 മുതൽ ഇന്നലെ പുലർച്ചെ 5.30 വരെ 126.1 മില്ലിമീറ്റർ മഴയാണ് ചെന്നൈയിൽ പെയ്തത്. തരമണി, പുതുപ്പേട്ടയിലെ വേലായുധം സ്ട്രീറ്റ്, കെ.കെയിലെ പത്രോ സലാർ, ശിവാജി നഗർ, പൂമ്പുഹാർ നഗർ എന്നിവിടങ്ങളിൽ വെള്ളം കയറി.

Advertisement
Advertisement