കൊലപാതകവും തൊണ്ടിമുതൽ കണ്ടെത്തിയതുമെല്ലാം തമിഴ്നാട്ടിൽ, കേസ് തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് പൊലീസിന് നിയമോപദേശം; കേസ് അട്ടിമറിക്കപ്പെടുമെന്ന് ഷാരോണിന്റെ അച്ഛൻ
Thursday 03 November 2022 10:35 AM IST
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകവും ആസൂത്രണവും നടന്നതും തൊണ്ടിമുതൽ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. അതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്നാണ് നിയമോപദേശം.
തങ്ങളുടെ അധികാര പരിധിക്ക് പുറത്തുണ്ടായ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാനും കുറ്റപത്രം സമർപ്പിക്കാനും സംസ്ഥാന പൊലീസ് ശ്രമിച്ചാൽ കേസിന്റെ വിചാരണഘട്ടത്തിൽ അത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. പ്രതി ഭാവിയിൽ അന്വേഷണത്തിന്റെ പരിധി ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്.
അതേസമയം, കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതിൽ ഷാരോണിന്റെ അച്ഛൻ ജയരാജ് ആശങ്ക പ്രകടിപ്പിച്ചു. കേരളത്തിൽ നിന്നാണ് വിഷവും കഷായവും വാങ്ങിയത്. തമിഴ്നാട് പൊലീസിന് കൈമാറിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.